വയനാട് .കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ കുരുക്കിലാക്കി വയനാട് പൊലീസ്. ടാന്‍സാനിയന്‍ സ്വദേശി പ്രിന്‍സ് സാംസണാണ് അറസ്റ്റിലായത്. കഴിഞ്ഞ 24ന് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ 94 ഗ്രാം എംഡിഎംഎ പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബെംഗളൂരുവിലേക്ക് എത്തിയത്
ടാന്‍സാനിയന്‍ സ്വദേശിയായ 25 കാരന്‍ പ്രിന്‍സ് സാംസണ്‍ ബെംഗളൂരുവിലെത്തിയത് എംസിഎ പഠനത്തിന്. ക്ലാസില്‍ എത്തുന്നത് നന്നേ കുറവ്. ആഢംബരമായ ജീവിതം. ഇതിനുള്ള പണം കണ്ടെത്തുന്നതാകട്ടെ ലഹരിവില്‍പനയിലൂടെ. കഴിഞ്ഞ 24ന് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയ്ക്കിടെ മലപ്പുറം സ്വദേശിയായ ഷെഫീഖിനെ 94 ഗ്രാം എംഡിഎംഎ ഉള്‍പ്പെടെ പൊലീസ് പിടികൂടി. ഇതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഉറവിടം ബെംഗളൂരുവെന്ന് വ്യക്തമായി. സാംസണ്‍ പ്രിന്‍സിലേക്ക് അന്വേഷണം എത്തിയത് ഇങ്ങനെ. എസ്പി തബോഷ് ബസുമതാരി, ബത്തേരി ഡിവൈഎസ്പി അബ്ദള്‍ഷരീഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയായിരുന്നു അന്വേഷണം
പഠനാവശ്യത്തിനായി ഇവിടെ എത്തിയ ശേഷം ലഹരിക്കച്ചവടമായിരുന്നു സാംസണ്‍ പ്രിന്‍സിന്‍റെ പരിപാടി. ബെംഗളൂരുവിലെ ഫ്ളാറ്റില്‍ പെണ്‍സുഹൃത്തിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഇയാളുടെ എക്കൌണ്ട് പരിശോധന വഴി 80 ലക്ഷത്തോളം രൂപയുടെ ഇടപാടുകള്‍നടന്നതായി പൊലീസ് കണ്ടെത്തി. നൂറ് ഗ്രാം രാസലഹരി എന്ന് കരുതുന്ന വസ്തു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്‍റെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ മെത്താഫിറ്റമിന്‍ എന്നതില്‍ വ്യക്തത വരൂ. ഫോണ്‍രേഖകളും എക്കൌണ്ട് വിശദാംശങ്ങളും സംബന്ധിച്ച അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. ചെക്ക് പോസ്റ്റുകള്‍ വഴി രാസലഹരി ഒഴുകുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധന പൊലീസും എക്സൈസും തുടരുകയാണ്. സാംസണ്‍ പ്രിന്‍സിന്‍റെ അറസ്റ്റിന്‍റെ തുടര്‍ച്ചയായി കൂടുതല്‍ മലയാളികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് പൊലീസ്