ആലപ്പുഴ: ഡല്‍ഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ വരുമാനം മാസം 30 ലക്ഷം രൂപയോളമെന്ന് മുതിർന്ന സിപിഎം നേതാവ് ജി.
സുധാകരൻ. കോളജ് പ്രൊഫസറുടെ പെൻഷൻ, എംപി, എംഎല്‍എ പെൻഷൻ, ഡല്‍ഹിയില്‍ സർക്കാർ പ്രതിനിധി തുടങ്ങി പല രീതിയില്‍ കെ.വി തോമസിന് സർക്കാർ വരുമാനമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലിരിക്കുന്ന കെ.വി തോമസിന് പന്ത്രണ്ടര ലക്ഷം രൂപയാണ് മാസം യാത്രാ ചെലവ്. രണ്ടര മൂന്ന് ലക്ഷം രൂപ മാസത്തില്‍ ശമ്ബളം. കോളജ് പ്രൊഫസറുടെ പെൻഷൻ, എംഎല്‍എയുടെ പെൻഷൻ, എംപിയുടെ പെൻഷൻ…ഒരു മാസം എത്ര ലക്ഷം രൂപ കിട്ടും? ഇത് പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയും പൈസ? പത്ത് മുപ്പത് ലക്ഷം രൂപയാണ് ഒരു മാസം കയ്യില്‍ കിട്ടുന്നത്. അയാളാണെങ്കില്‍ പഴയ കോണ്‍ഗ്രസുകാരൻ, ഡിസിസി പ്രസിഡന്റ്, ഞങ്ങള്‍ക്കെതിരെ മത്സരിച്ചയാള്‍…നമ്മുടെ കൂടെ വന്നു എന്നതുകൊണ്ട് അത് വിടാം. എനിക്ക് 35000 രൂപയാണ് പെൻഷൻ കിട്ടുന്നത്. അതില്‍ നിന്നാണ് 9000 രൂപ ലെവി കൊടുത്തത്. അതാണ് എന്റെ പാർട്ടി ബോധം-സുധാകരൻ പറഞ്ഞു.
സിപിഎമ്മില്‍ ചില നേതാക്കള്‍ പ്രായം മറച്ചുവെച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തില്‍ പദവികളില്‍ തുടരുന്നവരുണ്ട്. രണ്ടോ മൂന്നോ മാസം വ്യത്യാസമുള്ളവർ മൂന്ന് വർഷത്തോളം വീണ്ടും പദവിയില്‍ തുടരാനാവും. എപ്പോള്‍ 75 വയസ് കഴിയുന്നോ അപ്പോള്‍ പദവികളില്‍ നിന്ന് ഒഴിയണമെന്നും സുധാകരൻ പറഞ്ഞു