തിരുവനന്തപുരം. നഗരത്തിൽ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു. സ്ത്രീയുൾപ്പടെ മൂന്നുപേരെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. വൃദ്ധസഹോദരികളെയാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്.
കരമന നെടുങ്കാട് ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. സർവ്വേയ്ക്ക് എത്തിയത് എന്ന പേരിലായിരുന്നു മോഷ്ടാക്കൾ വീട്ടിൽ കടന്നത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം വിവരങ്ങൾ ചോദിച്ചശേഷം ഇറങ്ങി. പിന്നാലെ ബാഗ് മറന്നു എന്ന് പറഞ്ഞു വീണ്ടും തിരികെ എത്തി. ശേഷം സഹോദരിമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി. ശബ്ദം ഉണ്ടാക്കിയാൽ അപായപ്പെടുത്തുമെന്ന് പറഞ്ഞു സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. പിന്നാലെ ഇവർ വീട്ടിൽ നിന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായി.
പരാതിയെ തുടർന്ന് നാലു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. പൊലീസിലെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജീഷ്, കാർത്തിക എന്നിവരാണ് പിടിയിലായത്.