കൊച്ചി: നഗരത്തിൽ യുവതിക്കും കുടുംബത്തിനുമെതിരെ യുവാക്കളുടെ അതിക്രമം. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും തോളിലൂടെ കയ്യിടുകയും ചെയ്ത മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം (25), അൻസാർ (28) എന്നിവരെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി ഇവർ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ജീപ്പിന്റെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്ന ഇവർ കൈ കൊണ്ട് വശത്തുള്ള ചില്ലിൽ ഇടിക്കുകയായിരുന്നു.
പരസ്യമായി മദ്യപിച്ചതിന് ശേഷം ഇവർ യുവതിയെയും കുടുംബത്തെയും പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഒഴിഞ്ഞുമാറി നടന്ന കുടുംബത്തോട് എന്തുകൊണ്ടാണു പ്രതികരിക്കാത്തത് എന്നു ചോദിച്ച് യുവാക്കൾ വീണ്ടും ശല്യപ്പെടുത്തി.
യുവതി ഇവരുടെ ചിത്രങ്ങളെടുക്കാൻ തുടങ്ങിയതോടെ ഭർത്താവിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി. യുവതിയുടെ തോളിലൂടെ കയ്യിട്ട് ട്രിപ്പ് പോയാലോ തുടങ്ങിയ പരാമർശങ്ങളും നടത്തി. സഹോദരനും സഹോദരിക്കുമെതിരെയും യുവാക്കളുടെ അതിക്രമമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടിയതു കൊണ്ടാണ് അപകടമേൽക്കാതെ രക്ഷപ്പെട്ടതെന്ന് കുടുംബം പറഞ്ഞു.
ലഹരിവ്യാപനത്തിന് തടയിടാനുള്ള പരിശോധനകളുമായി നഗരത്തിന്റെ പല ഭാഗങ്ങളിൽ പൊലീസ് സാന്നിധ്യം ശക്തമായിരുന്നതാണ് കുടുംബത്തിനു രക്ഷയായത്. വൈകിട്ട് നടക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയായി കുടുംബങ്ങൾ അടക്കം തടിച്ചുകൂടുന്ന സ്ഥലമാണു ക്യൂൻസ് വാക് വേ.