പത്തനംതിട്ട: ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരായ ബോധവൽക്കരണത്തിൽ രാജ്യത്തിനു തന്നെ മാതൃകയായി കേരളം. പ്രമുഖ പരിസ്ഥിതി സംഘടനയായ ന്യൂഡൽഹി സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് പുറത്തിറക്കിയ ഇന്ത്യയുടെ പാരിസ്ഥിതിക തൽസ്ഥിതി–2025 റിപ്പോർട്ടിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ ലോകോത്തര നിലവാരമുള്ളവയാണെന്ന വിലയിരുത്തൽ.
മിക്ക വികസന അളവുകോലുകളിലും കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങൾ മുൻപന്തിയിലാണെങ്കിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) രംഗത്ത് കേരളത്തിന്റെ പ്രവർത്തനങ്ങൾ ഓരോ സംസ്ഥാനവും കണ്ടുപഠിക്കണമെന്ന് റിപ്പോർട്ട് പുറത്തിറക്കിയ സിഎസ്ഇ മേധാവി സുനിതാ നാരായൺ പറഞ്ഞു.
2018 ൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഇതിനായി പുറത്തിറക്കിയ കർമ പദ്ധതി രാജ്യത്തു തന്നെ ആദ്യത്തേതായിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിൽ ആന്റി ബയോട്ടിക് നൽകാതിരിക്കുക, അനാവശ്യമായി ഉപയോഗം കുറയ്ക്കുക, മിച്ചം വരുന്നവ അലക്ഷ്യമായി മണ്ണിലേക്കും മറ്റും വലിച്ചെറിയുന്നത് തടയുക തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു എന്ന് സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയൺമെന്റ് റിപ്പോർട്ട് പറയുന്നു. കക്കോടി, വട്ടിയൂർകാവ്,എറണാകുളം തുടങ്ങിയ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ ആന്റി ബയോട്ടിക് സ്മാർട് പദവി നേടി. ഇവ വിൽക്കാൻ നീല കവർ മാത്രം ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശമുണ്ട്.
നാഷനൽ സർവീസ് സ്കീം വിദ്യാർഥികളിലൂടെ 343 പഞ്ചായത്തുകളിലെ വീടുകളിൽ ബോധവൽക്കരണം നടത്തി. 191 ബ്ലോക്കുകളിൽ ആന്റി മൈക്രോബിയൽ സമിതി നിലവിൽ വന്നു. അന്തരീക്ഷത്തിലെ ആന്റി ബയോട്ടിക് സാന്നിധ്യം കണ്ടെത്താൻ ലാബ് സ്ഥാപിച്ചതും കോഴിക്കോട്ടും ഉള്ള്യേരിയിലും വീടുകളിലെ മിച്ചം വരുന്ന മരുന്നുകൾ ശേഖരിക്കുന്നതിന് കുടുംബശ്രീ വഴി സംവിധാനം എർപ്പെടുത്തിയതും മാതൃകയായി. പഴകിയ മരുന്നുകൾ ശേഖരിക്കാൻ മെഡിക്കൽ സ്റ്റോറുകളിലും സംവിധാനം ഏർപ്പെടുത്തി.
കന്നുകാലികളിലെയും കോഴികളിലെയും ആന്റി ബയോട്ടിക് ഉപയോഗം തടയാൻ ബദൽ ആയുർവേദ മരുന്നുകൾ വികസിപ്പിച്ച മലബാർ മിൽമ എത്‌നോ വെറ്ററിനറി മേഖലയ്ക്കും മാതൃകയായതായി റിപ്പോർട്ട് പറയുന്നു. ഇതിലൂടെ സംസ്ഥാനത്തെ ആന്റി ബയോട്ടിക് ഉപയോഗം 30%വരെ കുറയ്ക്കാൻ കഴിഞ്ഞതായാണ് കണക്കുകൾ.