വാർത്താനോട്ടം

Advertisement

2025 മാർച്ച് 12 ബുധൻ

BREAKING NEWS

👉മുണ്ടക്കൈ ചൂരൽമല പുന:രധിവാസം: വായ്പാ വിനിയോഗത്തിൽ സാവകാശം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ധനമന്ത്രിയെ കാണും.

👉ഇനി കഴകം ജോലിക്കില്ലെന്ന് കാട്ടി ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജീവനക്കാരൻ വി എ ബാലു ദേവസ്വം മാനേജർക്ക് കത്ത് നൽകി

👉തൃശൂർ ദേശീയപാത കല്ലിടുക്കിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ അറുമുഖ സുന്ദര പെരുമാൾ മരിച്ചു.ശക്തിവേൽ എന്നയാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

👉കണ്ണൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം :സി പി എം പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്

👉സി പി എം പിബി യോഗം ദില്ലിയിൽ ,പ്രായപരിധി കാര്യത്തിൽ പ്രകാശ് കാരാട്ടിന് കേരള ഘടകത്തിൻ്റെ നിലപാട് നിർണ്ണായകമാകും.

👉 പീരുമേട് ഗ്രാമ്പിയിൽ ജനവാസ മേഘലയിലിറങ്ങിയ കടുവയ്ക്കായി വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഗ്രാമ്പി സർക്കാർ എൽ പി എസി ന് ഇന്ന് അവധി പ്രഖ്യാപിച്ചു

👉തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ട ഷെഡിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു.

👉 പാതി വില തട്ടിപ്പ്: കൂടുതൽ കേസ്സുകളിൽ ക്രൈം ബ്രാഞ്ച് കെ.എൻ ആനന്ദകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തും.

🌴കേരളീയം🌴

🙏 കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം ആണെന്നും കേരളത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എംപിമാര്‍ക്കായി ഒരുക്കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

🙏 ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജസ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി. സന്തോഷ് കുമാര്‍ എം.പി. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി.

🙏 കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2016-17 കാലയളവ് മുതല്‍ ഇതുവരെ അനുവദിച്ചത് അറുനൂറു കോടി എഴുപത് ലക്ഷം രൂപ. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം നിയമസഭയെ അറയിച്ചത്.

🙏 പത്ത് സെന്റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടെന്ന തീരുമാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍. ഇന്നലെ 89 ദുരന്തബാധിതരുമായി കളക്ടര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും 8 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്.

🙏 പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്.

🙏 ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ മഅ്ദിന്‍ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുല്‍ നാസറിനെ ഇന്ന് സ്‌കൂളിലെത്തിച്ച് തെളിവെടുക്കും.

🙏 കനത്ത ചൂട് കണക്കിലെടുത്ത് കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയത്.

🙏 ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

🙏 നാളെത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ മദ്യത്തിന് 24 മണിക്കൂര്‍ നിയന്ത്രണം. ഇന്ന് വൈകീട്ട് 6 മണിമുതല്‍ നാളെ വൈകീട്ട് 6 വരെയാണ് നിയന്ത്രണം. ആറ്റുകാല്‍ പൊങ്കാലയിടാനായി
എത്തുന്ന ഭക്തജനങ്ങള്‍ക്ക് വളരെ സുരക്ഷിതമായി പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്.

🙏 വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാര്‍ത്ഥികളെ പിടികൂടി. കൊല്ലം നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ബിരുദ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.

🙏 കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിന് നൂറോളം ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

🙏 കണ്ണൂര്‍ പാനൂര്‍ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

🙏 കോഴിക്കോട് പാലാഴിക്ക് സമീപം കളിക്കുന്നതിനിടെ ഏഴ് വയസുകാരന്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിങ്ങില്‍ ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് അപകടം.

🙏 കരിക്കു വില്‍ക്കുന്ന പെട്ടിക്കടയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതി മരിച്ചു. എറണാകുളം കോതമംഗലത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം. ഇടുക്കി സ്വദേശിനി ശുഭയാണ് മരിച്ചത്. 33 വയസായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി സമ്മാനിച്ച് മൗറീഷ്യസ്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്.

🙏 കബഡി മത്സരത്തില്‍ ജയിച്ച ദളിത് വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്‍പിച്ച് പ്രബല ജാതിക്കാര്‍. തമിഴ്നാട് തൂത്തുക്കുടിയിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ദേവേന്ദ്ര രാജയെ ആണ് പ്രബലജാതിക്കാര്‍ ആയ മൂന്ന് യുവാക്കള്‍ സ്‌കൂളിലേക്ക് പോകും വഴി ആക്രമിച്ചത്.

🙏 കന്നട നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ ബംഗളുരുവില്‍ റസ്റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തരുണ്‍ രാജു എന്നയാള്‍ അറസ്റ്റിലായി.

🙏 മുംബൈയിലും സമീപ ജില്ലകളിലും ഉഷ്ണതരംഗ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നഗരത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന താപനിലയുടെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ താമസക്കാര്‍ ജലാംശം നിലനിര്‍ത്താനും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

🙏 ബിഹാറിലെ ഗോപാലി ചൗക്കിലെ തനിഷ്‌ക് ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികളെ സിനിമ സ്റ്റൈല്‍ ഓപ്പറേഷനിലൂടെ പിടികൂടി പോലീസ്. വാഹനത്തിലെ ചേസിങ്ങും പരസ്പരമുള്ള വെടിവയ്പ്പും ഉള്‍പ്പെടെ സാഹസികവും നാടകീയവുമായ രംഗങ്ങളിലൂടെയാണ് പോലീസ് മോഷ്ടാക്കളെ കീഴടക്കിയത്.

🙏ഗുജറാത്തില്‍ നാലുവയസുകാരിയെ അയല്‍വാസി കഴുത്തറുത്ത് കൊന്നത് നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഛോട്ടാ ഉദയ്പുര്‍ സ്വദേശി ലാലാ ഭായ് തഡ്വിയെ പൊലീസ് അറസ്റ്റുചെയ്തു. അമ്മക്കൊപ്പം ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പ്രതി തട്ടികൊണ്ടുപോയി.

🙏 പൊതുധനം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

🙏 നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്. അതേസമയം പ്രചാരത്തിലുള്ള പഴയ നോട്ടുകളുടെ സാധുതയെ ഇത് ബാധിക്കില്ല. നിലവിലുള്ള നോട്ടിന്റെ തുടര്‍ച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച് പണ വ്യവസ്ഥയുടെ തുടര്‍ച്ചയായ ഒഴുക്ക് ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്.

🙏 മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു.

🇦🇺 അന്തർദേശീയം 🇦🇽

🙏 പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികള്‍ 182 പേരെ ബന്ദികളാക്കി. പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ആണ് വിഘടനവാദികള്‍ റാഞ്ചിയത്. വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

🙏 കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം തീരുവ ഈടാക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കില്‍ പുതിയ തീരുമാനം അനുസരിച്ച് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ്. അറിയിച്ചിരിക്കുന്നത്.

🙏 ടെസ്ല ഉടമ ഇലോണ്‍ മസ്‌കിനുള്ള പിന്തുണ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘രാജ്യത്തെ സഹായിക്കാന്‍ മസ്‌ക് സ്വയം മുന്നോട്ട് വരികയാണെന്നും പക്ഷേ ചില ഇടതു ഭ്രാന്തന്മാര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.

🙏 റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്ക മുന്നോട്ട് വെച്ച കരാര്‍ യുക്രൈന്‍ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച യുക്രൈനുള്ള സാമ്പത്തിക സഹായം അമേരിക്ക പുനസ്ഥാപിക്കും.

🏏 കായികം 🏏

🙏 മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍. ലീഗില്‍ അവരുടെ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ആദ്യ ആറ് സ്ഥാനക്കാരാനാണ് പ്ലേ ഓഫിന് യോഗ്യത നേടുക.

🙏 തെറ്റായ തീരുമാനങ്ങള്‍ മൂലം പാകിസ്താന്‍ ക്രിക്കറ്റ് ഐസിയുവിലാണെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ബോര്‍ഡിന്റെ തീരുമാനങ്ങളിലും നയങ്ങളിലും തുടര്‍ച്ചയും സ്ഥിരതയുമില്ലെന്നും ക്യാപ്റ്റന്മാരെയും പരിശീലകരെയും ചില താരങ്ങളെയും മാറ്റിക്കൊണ്ടേയിരിക്കുന്ന ബോര്‍ഡ് അധികൃതര്‍ക്ക് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും’ അഫ്രീദി ചോദിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here