തൃശ്ശൂർ. ബിവറേജസ് കോർപ്പറേഷൻ്റെ സൂപ്പർ മാർക്കറ്റിൽ നിന്ന് ബക്കാർഡി ബ്രാൻഡ് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. ചാലക്കുടി ആളൂർ സ്വദേശി മോഹൻദാസിനെയാണ് ജീവനക്കാർ പിടികൂടിയത്. സ്ഥിരമായി സൂപ്പർമാർക്കറ്റിൽ എത്തി ബക്കാർഡി മോഷ്ടിച്ച ശേഷം വിലകുറഞ്ഞ ബിയർ വാങ്ങി മുങ്ങുന്നതായിരുന്നു രീതി.
രണ്ടാഴ്ച കൂടുമ്പോൾ നടത്തുന്ന സ്റ്റോക്ക് പരിശോധനയിലാണ് വിലകൂടിയ മദ്യം മോഷണം പോകുന്ന വിവരം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കൂടിയ ബ്രാൻഡായ ബക്കാർഡിയാണ് മോഷണം പോയത്. ഇതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒമ്പതാം തീയതി സൂപ്പർമാർക്കറ്റിലെത്തിയ മോഹൻദാസ് ആരും അറിയാതെ ബക്കാർഡി മോഷ്ടിച്ച അരയിൽ ഒളിപ്പിച്ചു. ആരും കണ്ടില്ലെന്ന് കരുതിയ മോഷണം സിസിടിവി ക്യാമറയിൽ പതിഞ്ഞു.
ആളെ തിരിച്ചറിഞ്ഞങ്കിലും കയ്യോടെ പിടികൂടാൻ ഉള്ള നീക്കത്തിൽ ആയിരുന്നു ജീവനക്കാർ. ഇതിനിടയിലാണ് ഇന്നലെ മദ്യ ഷോപ്പ് അടക്കുന്നതിനു മുൻപ് മോഹൻദാസ് എത്തി വീണ്ടും മോഷണം നടത്തുന്നത്. അര ലിറ്റർ ബക്കാർഡി അരയിൽ ഒളിപ്പിച്ച ശേഷം കുറഞ്ഞ ബിയർ വാങ്ങി ബിൽ കൗണ്ടറിൽ എത്തുകയായിരുന്നു. ഇതോടെ കള്ളനെ ജീവനക്കാർ കയ്യോടെ പൊക്കി.
ജീവനക്കാർ പിടികൂടിയ മോഷ്ടാവിനെ പിന്നീട് പോലീസിന് കൈമാറി.