ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്‌ക മരിച്ചു

Advertisement

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സ്ത്രീ മരിച്ചു. പന്തിരിക്കര സ്വദേശിനി വിലാസിനിയാണ് മരിച്ചത്. 57 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ചയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി ഇവര്‍ ആശുപത്രിയില്‍ എത്തിയത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയില്‍ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും ഇതിന് തുന്നിട്ടതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.
പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഞായറാഴ്ച ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് പിന്നാലെ വയറുവേദന അനുഭവപ്പെടുകയും ഗ്യാസ് ട്രബിളിനുള്ള മരുന്ന് നല്‍കുകയുമായിരുന്നു. പിന്നീട് വേദന ഗുരുതരമാവുകയും പരിശോധനയില്‍ കുടലില്‍ മുറിവുണ്ടായിരുന്ന സ്ഥലത്ത് അണുബാധ ഉണ്ടായതായും കണ്ടെത്തി. അണുബാധയുള്ള ഭാഗം മുറിച്ചു കളയണമെന്ന് ഡോക്ടര്‍ അറിയിക്കുകയും അതിനുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
പിന്നീട് ആരോഗ്യസ്ഥിതി മോശമായി. അണുബാധ കരളിലേക്ക് ബാധിച്ചു എന്നുള്ള വിവരമാണ് പിന്നീട് ലഭിച്ചത്. പിന്നാലെ രോഗി മരിക്കുകയും ചെയ്തു. സംഭവത്തില്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിനും സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here