ചോറ്റാനിക്കര. ദേവി ക്ഷേത്രത്തിൽ മകം തൊഴൽ ചടങ്ങുകൾ പുരോഗമിക്കുന്നു. രാത്രി 9.30 വരെയാണ് ദർശനം ഒരുക്കിയിരിക്കുന്നത്. ലക്ഷോപ ലക്ഷം ഭക്തരാണ് ദർശന സായൂജ്യത്തിനായി ചോറ്റാനിക്കര ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
കുംഭമാസത്തിലെ മകംനാളിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മിഥുനം ലഗ്നത്തിലാണ് മകം തൊഴൽ ചടങ്ങിനായി ക്ഷേത്ര നട തുറന്നത്.
സർവഭാരണ വിഭൂഷിതയായ ദേവിയെ ദർശിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് ഇത്തവണയും രാവിലെ മുതൽ തന്നെ എത്തിയത്.
ഒരു മണിയോടുകൂടി ക്ഷേത്ര നട അടച്ചു. തുടർന്ന് 2 മണിക്ക് സർവാഭരണ വിഭൂഷിതയായി നെയ്തിരി വിളക്കുകളുടെ ശോഭയിൽ ഭക്തർക്ക് ദേവി ദർശനം. നടൻ ദേവൻ അടക്കം ചലച്ചിത്ര രംഗത്തെ നിരവധി പ്രവർത്തകരും ദേവിയുടെ ദർശനത്തിനായി എത്തി
ദർശന നിർവൃതി നേടാൻ തമിഴ്‌നാട്ടിൽ നിന്നും നടി ഷക്കീലയുടെ മകൾ സാഷ അടക്കമുള്ള ട്രാൻസ് ജൻഡേഴ്സും ചോറ്റാനിക്കര നടയിലെത്തി.
വില്വമംഗലം സ്വാമിയാർക്ക് ദേവി വിശ്വരൂപ ദർശനം നൽകിയ ദിനത്തെ അനുസ്മരിച്ചാണ് മകം തൊഴൽ നടത്തുന്നത്. രാത്രി ഒമ്പതര വരെ ആയിരിക്കും ദർശന സമയം. എന്നാൽ കാത്തുനിൽക്കുന്ന അവസാന വിശ്വാസിക്കും ദേവിയെ കണ്ടു മടങ്ങാനുള്ള സൗകര്യം ഒരുക്കും എന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്