വന്യജീവി ആക്രമണങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

Advertisement

ന്യൂഡെല്‍ഹി.കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ കാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിരവധി ആളുകൾക്ക് മരണം സംഭവിക്കുകയും നൂറുകണക്കിന് ആൾക്കാർക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ വന്യജീവി ആക്രമണത്തെ പ്രതിരോദിക്കുന്നതിനായി ആയിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ള വന നിയമ ഭേദഗതി അടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ പത്തനാപുരം പിറവന്തൂർ, ഇടുക്കി ജില്ലയിലെ മറയൂർ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കണ്ണൂർ ജില്ലയിലെ ആറളം, വയനാട് ജില്ലയിലെ മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ അടുത്തിടെ നടന്ന വന്യജീവി ആക്രമണങ്ങളിൽ ആദിവാസികളും പട്ടികജാതിക്കാരും അടക്കമുള്ള നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.കണ്ണൂർ ആറളം പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല,മറയൂർ സ്വദേശി വിമൽ, നിലമ്പൂർ സ്വദേശിനി സരോജിനി തുടങ്ങിയവർ വന്യജീവി ആക്രമണത്തിന്റെ ഇരകളാണ്. എന്നാൽ വന്യമൃഗ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ നടപടികൾ കാര്യക്ഷമമല്ല.

കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങിയവയുടെ ആക്രമണങ്ങളിൽ ആണ് മരണങ്ങൾ ഉണ്ടായിട്ടുള്ളത്. ഇവയുടെ ജനസംഖ്യാ നിയന്ത്രിക്കുന്നതിന് ആവശ്യമായ കള്ളിങ്ങ് അടക്കമുള്ള നടപടികൾ ആവശ്യമാണ്. അതോടൊപ്പം വന്യ ജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും കേന്ദ്രസർക്കാർ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here