വെളിച്ചെണ്ണ സർവകാല റെക്കോർഡ്‌ വിലയിൽ

Advertisement

ഭക്ഷ്യയെണ്ണ ഇറക്കുമതി കുറഞ്ഞത്‌ വെളിച്ചെണ്ണയുടെ റെക്കോർഡ്‌ കുതിപ്പിന്‌ വേഗത സമ്മാനിച്ചു. പിന്നിട്ട മാസം പാം ഓയിൽ ഇറക്കുമതിയിൽ 25 ശതമാനം കുറഞ്ഞത്‌ ഫലത്തിൽ നേട്ടമായത്‌ നാളികേരോൽപ്പന്നങ്ങൾക്കാണ്‌. ഫെബ്രുവരിയിലെ പാം ഓയിൽ ഇറക്കുമതി 3.73 ലക്ഷം ടണ്ണിൽ ഒതുങ്ങി, കഴിഞ്ഞ വർഷം ഇതേ മാസം വരവ്‌ 4.97 ലക്ഷം ടണ്ണായിരുന്നു. രാജ്യത്തെ മൊത്തം ഭക്ഷ്യയെണ്ണ ഇറക്കുമതി 2020 ന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലവാരത്തിലാണ്‌. കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിൻറ്റലിന്‌ 200 രൂപ വർധിച്ച്‌ സർവകാല റെക്കോർഡ്‌ വിലയായ 23,400 രൂപയിലും കൊപ്ര 15,600 രൂപയിലും വിപണനം നടന്നു.

രാജ്യാന്തര വിപണിയിൽ കൊക്കോ കരുത്ത്‌ നിലനിർത്താൻ ക്ലേശിക്കുന്നത്‌ കണ്ട്‌ ഇന്ത്യൻ വ്യവസായികൾ ചരക്ക്‌ സംഭരണത്തിൽ നിന്നും അൽപ്പം പിൻവലിയുന്നു. വാരത്തിൻെറ തുടക്കം മുതൽ ഒരു വിഭാഗം ചോക്ലേറ്റ്‌ വ്യവസായികൾ ഹൈറേഞ്ചിൽ നിന്നും മറ്റ്‌ ഭാഗങ്ങളിൽ നിന്നുമുള്ള കൊക്കോ ശേഖരിക്കുന്നതിൽ വരുത്തിയ നിയന്ത്രണം കാർഷിക മേഖലയിൽ ആശങ്ക ഉളവാക്കി. അന്താരാഷ്‌ട്ര കൊക്കോ സംഘടന കരുതൽ ശേഖരം സംബന്‌ധിച്ച്‌ നടത്തിയ പ്രവചനം രാജ്യാന്തര അവധി വ്യാപാരത്തിൽ ഉൽപ്പന്ന വിലയെ ബാധിച്ചു. നാല്‌ വർഷത്തിനിടയിൽ ആദ്യമായി ഉൽപാദനത്തിൽ വർധന കണക്കാക്കുന്നതും വിലക്കയറ്റത്തിന്‌ തടസമായി. മധ്യകേരളത്തിലെ വിവിധ വിപണികളിൽ പച്ചക്കായ 130 രൂപയിലും കൊക്കോ കുരു കിലോ 500 രൂപയിൽ താഴ്‌ന്നുമാണ്‌ ഇടപാടുകൾ നടക്കുന്നുണ്ട്‌. രാജ്യാന്തര കൊക്കോ അവധി വില ടണ്ണിന്‌ 7900 ഡോളറായി താഴ്‌ന്നു.

ഏഷ്യൻ മാർക്കറ്റുകളിൽ റബർ സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണ്‌. താഴ്‌ന്ന തലങ്ങളിൽ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ ഊഹക്കച്ചവടക്കാർ ഉത്സാഹിക്കുന്നത്‌ തകർച്ചയുടെ ആക്കം കുറക്കാൻ ഉപകരിക്കും. അതേ സമയം പുതിയ വാങ്ങലുകാരുടെ അഭാവം തുടരുന്നു. സംസ്ഥാനത്തിൻറ ഒട്ടുമിക്ക ഭാഗങ്ങളിലും ഇന്ന്‌ അന്തരീക്ഷ താപനിലയിൽ നേരിയ കുറവ്‌ അനുഭവപ്പെട്ടതിനിടയിൽ ചില പ്രദേശങ്ങളിൽ മഴ സാധ്യതകളും ദൃശ്യമായി. കാലാവസ്ഥയിലെ ഈ മാറ്റം ടാപ്പിങ്‌ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കുമോയെന്ന്‌ ഉറ്റ്‌ നോക്കുകയാണ്‌ ഒരു വിഭാഗം കർഷകർ. നാലാം ഗ്രേഡ്‌ 19,500 രൂപയിലും അഞ്ചാം ഗ്രേഡ്‌ 19,200 രൂപയിലും വിപണനം നടന്നപ്പോൾ ലാറ്റക്‌സ്‌ 12,800 രൂപയിൽ സ്‌റ്റെഡിയാണ്‌. ബാങ്കോക്കിൽ റബർ കിലോ ഇരുന്നൂറ്‌ രൂപയുടെ താങ്ങ്‌ നിലനിർത്തി 201 ൽ ഇടപാടുകൾ അവസാനിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here