‘മായയുടെ കിടപ്പു കണ്ടു സംശയം തോന്നി; ഓട്ടോ ഡ്രൈവർ ആശാവർക്കറെ അറിയിച്ചു’

Advertisement

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലാശേരിയിൽ ഗോത്രവർഗ യുവതിയെ രാത്രി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിണവൂർക്കുടി മുത്തനാമുടി ഓമനയുടെ മകൾ മായ (37) ആണു മരിച്ചത്. മലയാറ്റൂർ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോൺസനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. മായയെ പിണവൂർക്കുടിയിലെ വീട്ടിലേക്കു കൊണ്ടുപോകാനെന്നു പറഞ്ഞു ജിജോ ഓട്ടോറിക്ഷ വിളിച്ചുവരുത്തി. മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ആശാവർക്കറെ വിവരം അറിയിക്കുകയായിരുന്നു.

ഇരുവരും താമസിച്ചിരുന്ന എളംബ്ലാശേരിയിലെ വീട്ടിൽ നിലത്തുകിടക്കുന്ന നിലയിൽ രാവിലെയാണു മൃതദേഹം കണ്ടത്. ചൊവ്വ രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജിജോ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മുഖത്തും തലയിലും മർദനമേറ്റ പാടുകളുണ്ട്. രാവിലെ ഒൻപതോടെയാണു സമീപവാസികൾ വിവരം അറിയുന്നത്. പൊലീസെത്തുമ്പോൾ മൃതദേഹത്തിനരികിൽ ജിജോയുമുണ്ടായിരുന്നു.

കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ജിജോയെ കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വൈകിട്ടോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ജിജോയും മായയും കഴിഞ്ഞ വർഷമാണ് എളംബ്ലാശേരിയിൽ താമസമാക്കിയത്. വേറെ ബന്ധത്തിൽ ജിജോയ്ക്കു രണ്ടും മായയ്ക്ക് ഒരു കുട്ടിയുമുണ്ടെങ്കിലും ഇവരോടൊപ്പമില്ല. മായ നേരത്തേ ഗൾഫിലായിരുന്നു. ജിജോ ഡ്രൈവറാണ്. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം.ബൈജുവിന്റെ നേതൃത്വത്തിലാണു അന്വേഷണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here