തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണത്തിനായി നികത്തിയെടുക്കുക 77.17 ഹെക്ടർ കടൽ. സർക്കാരിൽനിന്നോ, സ്വകാര്യ വ്യക്തികളിൽനിന്നോ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നു സർക്കാർ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ മാസ്റ്റർ പ്ലാൻ പ്രകാരം ആകെ നികത്തിയെടുക്കേണ്ട കടൽഭാഗം 143.17 ഹെക്ടറായിരുന്നു. ഇതിൽ 66 ഹെക്ടർ ഒന്നാംഘട്ടത്തിൽ നികത്തിയിരുന്നു. ശേഷിക്കുന്ന 77.17 ഹെക്ടർ ഉപയോഗപ്രദമാക്കിയെടുക്കും. കണ്ടെയ്നർ യാഡ് വികസിപ്പിക്കാനുള്ള സ്ഥലമാണു ഡ്രജിങ്ങിലൂടെ കടൽ നികത്തി കണ്ടെത്തുക. രണ്ടും മൂന്നും ഘട്ട നിർമാണത്തിനു കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു.
2028 ഡിസംബറിനകം രണ്ടും മൂന്നും ഘട്ടം പൂർത്തീകരിക്കുമെന്നാണു നിർമാണച്ചുമതലയുള്ള അദാനി പോർട്സ് സർക്കാരിന് ഉറപ്പുനൽകിയിരുന്നത്. 10,000 കോടി രൂപയിലുള്ള വികസനം അദാനി പോർട്സിന്റെ മാത്രം ചെലവിലാകും നടപ്പാക്കുക.