തിരുവനന്തപുരം: നോവും നിറവുകളും ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ സമർപ്പിച്ച് ആത്മസായൂജ്യമടയുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. ദുഃഖങ്ങളെ കനലിലെരിയിച്ച്, ജീവിതാനന്ദത്തിന്റെ മധുരം നിവേദിച്ച പൊങ്കാലയുമായി മടങ്ങാൻ ഭക്തലക്ഷങ്ങൾ തലസ്ഥാനത്തെത്തി. വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ, നാനാദിക്കുകളിൽനിന്ന് പ്രാർഥനയോടെ എത്തിയ ഭക്തലക്ഷങ്ങൾ നഗരവീഥികളിൽ നിറഞ്ഞു. ഉള്ളിൽ ഒരേയൊരു പ്രാർഥന മാത്രം, അമ്മ!
രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 10.15ന് അടുപ്പുവെട്ട്. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിയാലുടൻ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകരും. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകും.
പണ്ടാര അടുപ്പിൽനിന്നു പകരുന്ന ദീപമാണ് ഭക്തരുടെ ലക്ഷക്കണക്കിന് അടുപ്പുകളെ ജ്വലിപ്പിക്കുക. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.