കോഴിക്കോട്. മെഡിക്കൽ കോളജിൽ ചികിത്സ പിഴവിന് പിന്നാലെ സ്ത്രീ മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് പ്രിൻസിപ്പൽ. മൂന്നംഗ സമിതിയോട് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. ഗർഭപാത്രം നീക്കം ചെയ്യാൻ എത്തിയ പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.
ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി ഈ മാസം നാലിനാണ് പേരാമ്പ്ര സ്വദേശിയായ വിലാസിനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഏഴാം തീയതി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു. ഈ ഭാഗം തുന്നിച്ചേർത്തുവെങ്കിലും അത് അണുബാധയായി മാറി. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്ന വിലാസിനി ബുധനാഴ്ച രാവിലെയോടെയാണ് മരിച്ചത്.കുടലിനേറ്റ മുറിവ് ചികിത്സാ പിഴവ് എന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയത്. ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ പ്രൊഫസർമാർ ഉൾപ്പെടുന്ന സമിതിയോട് 48 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് കൈമാറാനാണ് നിർദേശം. അതേസമയം ബന്ധുക്കൾ നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പെരുവണ്ണാമൂഴി പോലീസ് അന്വേഷണം ആരംഭിച്ചു.