തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് സൗജന്യമായി വിശറി വിതരണം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം.വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുള്ള സാധ്യതയാണ് ആറ്റുകാൽ പൊങ്കാലയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിനിയോഗിച്ചിരിക്കുന്നത്.
” വോട്ട് ചെയ്യുന്നതുപോലെ മഹത്തരം മറ്റൊന്നുമില്ല. ഞാൻ തീർച്ചയായും വോട്ടുചെയ്യും.” എന്ന സന്ദേശം ഉൾപ്പെടുത്തിയ വിശറികളാണ് ആറ്റുകാൽ അമ്പലത്തിന്റെ പരിസരത്ത് ഇന്നലെ മുതൽ തന്നെ വിതരണം ചെയ്തു തുടങ്ങിയത്.കേരള ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വോട്ടെടുപ്പിൽ പങ്കാളിയാക്കേണ്ടതിൻ്റ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രചാരണ പരിപാടികളുടെ തുടർച്ചയാണ് വിശറി വിതരണവും.ചുട്ടുപൊള്ളുന്ന ചൂടിൽ പൊങ്കാലയിടുന്നവർക്ക് ആശ്വാസമേകുന്നതിനോടൊപ്പം വിശറിയിലെ സന്ദേശം വീടുകളിലേക്ക് കൂടി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.തിരഞ്ഞെടുപ്പ് വർഷം അല്ലെങ്കിൽ കൂടി വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വിവിധ പരിപാടികളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തി വരുന്നത്.