ബംഗളുരു. മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച സുഹൃത്തുക്കളും ബന്ധുക്കളും. മസ്തിഷ്ക മരണം സംഭവിച്ച ലിബിൻ ബേബിയുടെ ആന്തരികാവയവങ്ങൾ 8 ജീവനുകൾക്ക് പുതുജീവിതം നൽകും. ലിബിൻ ബേബിയുടെ മരണത്തെ തുടർന്ന് സുഹൃത്തായ കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബി ഒളിവിൽ പോയി
അപകട വിവരം അറിഞ്ഞതിന് ശേഷം കുടുംബവും സുഹൃത്തുക്കളും കാണുന്നത് ബാംഗ്ലൂർ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിയുന്ന ലിബിൻ ബേബിയെ ആണ്.
ബാത്റൂമിൽ വഴുക്കി തലയിടിച്ച് പരിക്കേറ്റു എന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്. എന്നാൽ മസ്തിഷ്ക മരണം സംഭവിക്കാൻ തക്കവിധം തലയിൽ ആഘാതം ഏറ്റു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് ആശുപത്രിയിൽ നിന്ന് പോലീസിന് വിവരം ലഭിച്ചു. മരണത്തിൽ തുടക്കം മുതലേ കുടുംബത്തിന് സംശയമുണ്ട്. ഹമ്പഗൗഡി പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സിഎംഎ യുഎസ്എയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി ബാംഗ്ലൂരിൽ ജോലിക്ക് ചേർന്നതായിരുന്നു ലിബിൻ ബേബി. കൂടെ താമസിക്കുന്ന രണ്ടു പേർക്കിടയിലുണ്ടായ സംഘർഷം ഒഴിവാക്കാൻ ഇടയിൽ കയറിയപ്പോഴാണ് ലിബിന് തലയിൽ മർദ്ദനമേറ്റതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും ആരോപണമുയരുന്നുണ്ട്.
ആദ്യം ലിബിനെ എത്തിച്ചത് ബംഗളൂരുവിലെ കാവേരി ആശുപത്രിയിലായിരുന്നു. പിന്നീട് വിറയിലും പനിയും ചർദ്ദിലും കൂടിയതോടെ ലിപിനെ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മസ്തിഷ്കത്തിൽ കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് എന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച രാത്രി 12 മണിക്ക് ചികിത്സ ആവശ്യങ്ങൾക്കായി ബാംഗ്ലൂരിൽ എത്തിയ നാട്ടിലെ സുഹൃത്തിന്റെ അച്ഛൻ പ്രസാദിനെ യാത്രയയച്ച ലിബിനെ ഇപ്പോഴും ഓർക്കുന്നുണ്ട് ആ അച്ഛൻ.
ലിബിന്റെ മരണത്തെത്തുടർന്ന് ഒളിവിൽ പോയ കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബി അടക്കം മൂന്നുപേർ ചേർന്നാണ് ലിബിനെ ആശുപത്രിയിലാക്കിയത്. തുടർന്ന് എബിൻ ബേബി ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. ലിബിന്റെ മരണത്തിൽ ചില സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമുണ്ട് എന്ന ഊഹപൊഹങ്ങളും ബാംഗ്ലൂർ മലയാളികൾക്കിടയിൽ പരക്കുന്നുണ്ട്. അമ്മയുടെ ആഗ്രഹപ്രകാരമാണ് ലിബിന്റെ ആന്തരിക അവയവങ്ങൾ ദാനം ചെയ്തത്. കർണാടകയിലെ 8 ജീവനുകൾക്ക് പുതുജീവിതം നൽകിയ ലിബിന് അർഹിക്കുന്ന ആദരവ് നൽകിയാണ് കർണാടക പോലീസും ആരോഗ്യപ്രവർത്തകരും വിട നൽകിയത്.