തിരുവനന്തപുരം:
ദളിതരുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കു വേണ്ടി നിരന്തരം ശബ്ദം ഉയർത്തിയ പോരാളിയായിരുന്നു കെ.കെ. കൊച്ചെന്ന് കേരളാ സാംബർ സെ സൈറ്റി ജനറൽ സെക്രട്ടറി ഐ ബാബു കുന്നത്തൂർ പറഞ്ഞു.
ജീവിതത്തിൻ്റെ പൊള്ളുന്ന തണൽ വഴി താണ്ടി എഴുത്ത് ഉൾപ്പെടെ
സമഗ്ര മേഖലകളിൽ തിളങ്ങിയ അദ്ദേഹം സ്വത്വ രാഷ്ട്രീയത്തിലൂന്നി
ദളിത് ജീവിത ഉന്നമനത്തിനായി പരിശ്രമിച്ചു. ദളിത് വാദവും അംബേദ്കറിസവും ഉയർത്തുന്നവരിൽ സ്വന്ത വഴി സ്വീകരിച്ച സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകൻ. തൻ്റെ ജനത അനുഭവിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക അടിമത്വം എന്നു മാറുമെന്ന ആശങ്ക അദ്ദേഹത്തിലെ പോരാളിയെ വളർത്തി.
ദളിത് വിഭാഗത്തെ പിന്നോട്ട് വലിക്കുന്ന സാമൂഹ്യ യാഥാർത്വങ്ങളെ പെരുപ്പിച്ചു കാണിക്കാതെ അതിനെ മറികടക്കാൻ
സ്വത്തിലും, പദവിയിലും, അധികാരത്തിൻമേലും മേൽ കൈ നേടണമെന്ന് അദ്ദേഹം വാദിച്ചു. പ്രക്ഷോഭങ്ങളിലൂടെ ചലനാത്മകമാകണം
ദളിത് മുന്നേറ്റമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തിയ അദ്ദേഹം വഴി വെട്ടി മുന്നേറാൻ ദലിതരെ പഠിപ്പിച്ച ധീര നേതാവായിരുന്നുവെന്നും ഐ ബാബുവിൻ്റെ ഓർമ്മക്കുറിപ്പിൽ പറയുന്നു.
ദലിത് സമൂഹത്തിന്റെ നാവായി നിറഞ്ഞുനിന്ന കൊച്ച് ഇന്ന് ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളജിൽ അന്തരിച്ചത്. വിദ്യാർഥിയായിരിക്കെ 16 ദിവസം ജയിൽശിക്ഷയനുഭവിച്ചിരുന്നു. അടിയന്തരാവസ്ഥയെത്തുടർന്ന് ആറുമാസക്കാലം ഒളിവിലായിരുന്നു. 1949 ഫെബ്രുവരി 2 ന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. കല്ലറ എൻ. എസ്.എസ്. ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ആത്മകഥയായ ‘ദലിതൻ’ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. അംബേദ്‌കർ: ജീവിതവും ദൗത്യവും (എഡിറ്റർ), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് പ്രധാന കൃതികൾ. സമഗ്ര സംഭാവനകൾക്കുള്ള 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വചനം ബുക്സ് സാഹിത്യകാരനായ നാരായന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ്, വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശസമിതി എന്നീ സംഘടനകൾ രൂപീകരിക്കാൻ നേതൃത്വം നല്‍കി. 1986-ൽ ‘സീഡിയൻ’ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയൻ വാരികയുടെ പത്രാധിപരുമായിരുന്നു. 1977-ൽ കെ.എസ്.ആർ.ടി.സി.യിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച് 2001-ൽ സീനിയർ അസിസ്റ്റൻറായി റിട്ടയർ ചെയ്തു.
സംസ്കാരം നാളെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ നടക്കും