സംസ്ഥാനത്ത് കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ പരിശോധിച്ചത് 33709 വാഹനങ്ങള്‍, പിടികൂടിയത് രണ്ട് കോടിയോളം വിലവരുന്ന സാധനം

Advertisement

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി എക്‌സൈസ് സേന. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കിടെ 3568 റെയ്ഡുകള്‍ നടത്തുകയും, 33709 വാഹന പരിശോധനയില്‍ 1.9 കോടിയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. 554 കേസുകള്‍ ഇതിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കുമരുന്നിനെതിരെ എക്‌സൈസിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി.

മാര്‍ച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കും. ഡ്രൈവിന്റെ ഭാഗമായി മാര്‍ച്ച് 5 മുതല്‍ 12 വരെ എക്‌സൈസ് നടത്തിയത് 3568 റെയ്ഡുകളാണ്, ഇതില്‍ പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളുമുണ്ട്. ഈ കാലയളവില്‍ 33709 വാഹനങ്ങള്‍ പരിശോധിച്ചു. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി 554 മയക്കുമരുന്ന് കേസുകളാണ് എക്‌സൈസ് പിടിച്ചത്. ഈ കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തു.മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു. പ്രതികളില്‍ നിന്ന് 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് കണ്ടെടുത്തത്. സ്‌കൂള്‍ പരിസരത്ത് 998, ബസ് സ്റ്റാന്‍ഡ് പരിസരത്ത് 282, ലേബര്‍ ക്യാമ്പുകളില്‍ 104, റെയില്‍വേ സ്റ്റേഷനുകളില്‍ 89 തുടങ്ങിയ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന 26 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും, തുടര്‍നടപടികളും എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവുമായി മന്ത്രി ചര്‍ച്ച ചെയ്തു.

സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മിഠായികളില്‍ മയക്കുമരുന്ന് കലര്‍ത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്‌സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു.എക്‌സൈസ് പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയില്‍ 450 അബ്കാരി കേസുകളും, 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. 10,430 ലിറ്റര്‍ സ്പിരിറ്റ്, 931.64 ലിറ്റര്‍ അനധികൃത വിദേശമദ്യം, 3048 ലിറ്റര്‍ വാഷ്, 82 ലിറ്റര്‍ ചാരായം, 289.66 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here