മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് രോഗികളുടെ ശരീര ഭാഗങ്ങള്‍ മോഷണം പോയി. പരിശോധനക്കയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. 17 രോഗികളുടെ സ്‌പെസിമെനാണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം.
സംഭവത്തില്‍ ആക്രി കച്ചവടക്കാരനെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി. രണ്ട് ജീവനക്കാര്‍ ചേര്‍ന്നാണ് പാത്തോളജി ലാബിലേക്ക് ആംബുലന്‍സില്‍ ശരീര ഭാഗങ്ങള്‍ കൊണ്ടുപോയത്. തുടര്‍ന്ന് ലാബിന് സമീപത്തെ കോണിപ്പടിയില്‍ ഇറക്കിവെച്ചു. ഇവര്‍ ലാബില്‍ പോയി തിരിച്ചുവരുന്നതിനിടയിലാണ് മോഷണം നടക്കുന്നത്.
ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാള്‍ മൊഴി നല്‍കി.
ശരീരഭാഗങ്ങള്‍ കാണാനില്ലെന്ന് ആശുപത്രി അറ്റന്‍ഡര്‍ അജയകുമാറാണ് പരാതി നല്‍കിയത്. സംഭവശേഷം ആക്രിക്കാരനെ കണ്ടെത്തി ജീവനക്കാര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി കഴക്കൂട്ടം എസിപി അറിയിച്ചു.