തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വീഴ്ച. പരിശോധനയ്ക്കായി ലാബിൽ എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു. ആക്രിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പിളുകൾ തിരികെ ലഭിച്ചു. രോഗികൾ ആശങ്കപ്പെടേണ്ടെന്ന് അധികൃതർ.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
മെഡിക്കൽ കോളേജ് ആശുപത്രിയുടെ പതോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്. പതോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങുകയായിരുന്നു. പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാമ്പിളുകൾ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ്
ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്. ആശുപത്രി അധികൃതരുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാളിൽ നിന്നും സാമ്പിൾ കണ്ടെടുത്തു. ആക്രിക്കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. അലക്ഷ്യമായി സൂക്ഷിച്ചിരുന്നതിനാൽ പാഴ് വസ്തുക്കളാണെന്ന് കരുതിമാറിയെടുത്തതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. അതേസമയം,
സംഭവത്തിൽ
പത്തോളജി ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പതോളജി വിഭാഗം വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. സാമ്പിൾ തിരികെ എത്തിച്ചതായും കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും അറിയിച്ചു