വയനാട്.കേരളത്തിലേക്ക് വൻതോതിൽ ലഹരി കടത്തിയ സംഘത്തിലെ രണ്ടുപേരെ കൂടി ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശി ഉൾപ്പെടെയുള്ള വരെയാണ് പോലീസ് പിടികൂടിയത്. കേസിൽ നേരത്തെ പിടിയിലായ ടാൻസാനിയൻ പൗരനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ലഹരിക്കടത്ത് ശൃംഖലയിലെ കണ്ണികളെ പിന്തുടർന്ന് പിടികൂടുകയാണ് വയനാട് പോലീസ്. നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ , ത്രിപുര അഗര്‍ത്തല സ്വദേശി സന്ദീപ് മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സുൽത്താൻബത്തേരി പോലീസും ലഹരിവിരുദ്ധ സ്കോഡും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും താമസിക്കുന്ന ബംഗ്ലൂരുവിലെ ഫ്ലാറ്റിൽ നിന്നാണ് ബത്തേരി എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. എംഡി എം എ മൊത്തം വ്യാപാര സംഘത്തിൽ പെട്ടവരാണ് ഇവർ. ഫെബ്രുവരി 24ന് മുത്തങ്ങ ചെക്ക് പോസ്റ്റിൽ ബൈക്കിൽ 93 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി ഷഫീഖ് പിടിയിലായിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണമാണ് വിദേശികൾ അടക്കം വലയിലാകാൻ സഹായിച്ചത്. കൂട്ടുപ്രതിയായ ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ബംഗ്ലൂരിൽ നിന്ന് കഴിഞ്ഞദിവസം അറസ്റ്റിൽ ആയിരുന്നു. ഇന്ന് പിടിയിലായവരും പ്രിൻസും ബംഗളൂരുവിലെ ഗവൺമെൻറ് കോളേജിൽ ബിസിഎ വിദ്യാർഥികളാണ്. കുറച്ചുകാലമായി ഇവർ കേരളത്തിലേക്ക് എംഡിഎം എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതൽ പേരിലേക്ക് അന്വേഷണം നീളും.