പേര് പോലും ചോദിച്ചില്ല…. ഷെയർ ഇട്ട് മദ്യം വാങ്ങി കുടിച്ചയാൾക്ക് നഷ്ടമായത് 1.2 ലക്ഷം രൂപയുടെ ബൈക്ക്‌

Advertisement

മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ അപരിചിതനായ മറ്റൊരാളുമായി ചേർന്നു ഷെയർ ഇട്ട് മദ്യം വാങ്ങി കുടിച്ചയാൾക്ക് നഷ്ട മായത് തന്റെ വിലപിടിപ്പുള്ള ബൈക്ക്. ഒപ്പം കുടിച്ച ആൾ ടച്ചിങ്സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങുക യായിരുന്നു. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാൾ പരാതി നൽകിയത്. 1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു.

എരൂരിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്സ് തീർന്നു. അപ്പോഴാണ് അപരിചിതൻ താൻ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്റെ ഉടമസ്ഥനിൽ നിന്നു താക്കോൽ വാങ്ങി പോയത്. മദ്യം തീർന്നിട്ടില്ലാത്തതിനാൽ ഉടമസ്ഥൻ വിശ്വസിച്ച് താക്കോൽ കൊടുക്കുകയും ചെയ്തു. എന്നാൽ ബൈക്ക് വാങ്ങി പോയയാൾ പിന്നീട് തിരിച്ചു വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.

പിന്നീട് തന്റെ സുഹൃത്തുക്കളുമായി ചേർന്നു ബൈക്കുടമ അന്വേഷണം നടത്തിയിട്ടും രക്ഷയുണ്ടായില്ല. പരാതിക്കാരൻ അപരിചിതന്റെ പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് കൗതുകകരം. ഫെബ്രുവരി 21നു നടന്ന സംഭവത്തിൽ പരാതിക്കാരൻ പൊലീസിനെ സമീപിച്ചത് ഈ മാസം 7നു മാത്രമാണെന്നു പൊലീസ് പറയുന്നു.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാന രീതിയിലുള്ള ബൈക്ക് മോഷണങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here