മഞ്ചേരി: ബൈക്കിലെത്തിയ സംഘം സ്വർണക്കടകളിലേക്ക് ആഭരണം നൽകുന്ന സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 75 പവനോളം സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത. സംഭവം നാടകമാണെന്നാണ് പൊലീസിന്റെ സംശയം. പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പൊലീസ് പിടികൂടി. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കവർച്ച ചെയ്യപ്പെട്ട മുഴുവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. സ്വർണം തട്ടിയെടുത്ത വലമ്പൂർ സ്വദേശിയുടെ വീട്ടിൽ നിന്നാണ് മുഴുവൻ സ്വർണവും കിട്ടിയത്.
ഇരുമ്പുഴി കാട്ടുങ്ങലിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണു കവർച്ച നടന്നത്. മഞ്ചേരി ഭാഗത്തുനിന്നു മലപ്പുറത്തേക്കു സ്കൂട്ടറിൽ പോവുകയായിരുന്ന തിരൂർക്കാട് കടവത്ത് ശിവേഷ് (24), മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് സുകുമാരൻ (25) എന്നിവരെയാണു ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേർ ആക്രമിച്ചു സ്വർണം തട്ടിയെടുത്തത്. മലപ്പുറത്തെ സ്വർണക്കടയിലെ ജീവനക്കാരാണ് ഇരുവരും. കാട്ടുങ്ങലിൽ സ്കൂട്ടർ നിർത്തി ഒരാൾ കടയിൽ സാധനം വാങ്ങാൻ കയറിയപ്പോൾ ബൈക്കിലെത്തിയ ആൾ സ്കൂട്ടർ ചവിട്ടിവീഴ്ത്തി സ്കൂട്ടറിന്റെ കൊളുത്തിൽ തൂക്കിയിട്ട ബാഗിൽ നിന്നു സ്വർണവുമായി കടന്നുകളയുകയായിരുന്നു.
വിപണിയിൽ അരക്കോടിയോളം വില വരുന്ന സ്വർണമാണ് കവർച്ച ചെയ്തത്. മലപ്പുറത്തെ ജ്വല്ലറിയിൽനിന്നു മറ്റു ജ്വല്ലറികളിൽ വിൽപന നടത്താനുള്ള സ്വർണമാണ് തട്ടിയെടുത്തത്. സംഭവം ആസൂത്രിതമാണെന്നും ജ്വല്ലറി ജീവനക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നുണ്ടെന്നും പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. ജ്വല്ലറി ഉടമയിൽ നിന്നും മൊഴിയെടുത്തു. അസി. സൂപ്രണ്ട് ഓഫ് പൊലീസ് എം. നന്ദഗോപന്റെ നേതൃത്വത്തിലാണ് അന്വേഷണം.