വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് ഒളിവിൽ; ചോദ്യം ചെയ്യലിന് എത്താതെ മകൻ സംഗീത്

Advertisement

കൊടുങ്ങല്ലൂർ: ചാലക്കുടി ടൗണിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന കേസിൽ‌ മുഖ്യപ്രതി നാരായണദാസ് ഒളിവിലെന്നു സൂചന. നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ, കോടതി നിർദേശിച്ച സമയ പരിധി കഴിഞ്ഞിട്ടും ഇയാൾ ഹാജരായിട്ടില്ല.

ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന സതീശന്റെ മൊഴി രേഖപ്പെടുത്തി. ഷീലയുടെ സ്കൂട്ടറിൽ ലഹരി പദാർഥം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചപ്പോഴാണ് അന്വേഷണത്തിനു എത്തിയതെന്നും ലഹരി പദാർഥത്തിന്റെ അളവ് കൂടുതൽ ഉണ്ടെന്നു ബോധ്യമായതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു എന്നു സതീശൻ മൊഴി നൽകി.

ചെന്നൈയിൽ നിന്നെത്തുന്ന ഷീല സണ്ണിയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. അതേസമയം, ഷീലയുടെ മകൻ സംഗീതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെങ്കിലും ഇയാൾ എത്തിയിട്ടില്ല. മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. ഇരുചക്ര വാഹനത്തിൽ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസിൽ 72 ദിവസം ജയിൽ കഴിഞ്ഞ ശേഷമാണു കേസ് വ്യാജമെന്നു കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്തത്.

സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണു കേസ് അന്വേഷണം എക്സൈസിൽ നിന്നു പൊലീസിനു കൈമാറിയത്. ഡിവൈഎസ്പി വി.കെ. രാജുവിനാണ് അന്വേഷണ ചുമതല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here