2025 മാർച്ച് 17 തിങ്കൾ
BREAKING NEWS
ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാരിന് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ കണ്ട കടുവയെ ഇന്ന് മയക്ക് വെടി വെച്ചേക്കും.

കേരളീയം
സംസ്ഥാനത്ത് വേനല്‍മഴ കൂടുതല്‍ ജില്ലകളില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ലഹരിക്കെതിരെ നാടുണരുന്നു. ശക്തമായ നടപടിക്ക് സര്‍ക്കാര്‍. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തില്‍ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡല്‍ ഓഫീസറാകും.

സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
രാജ്യത്ത് വിവിധ ഇടങ്ങളിലായി 163 കോടിയുടെ ലഹരി വേട്ട. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി.

ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് അനുരാജിനെ പിടികൂടിയത്.

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന ചെന്നൈയിലെ പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
ഇടുക്കി ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ഇന്നലേയും മയക്കുവെടി വെക്കാന്‍ കഴിഞ്ഞില്ല. കടുവ കാട്ടിലേക്ക് കയറിയതായാണ് നിഗമനം എന്ന് കോട്ടയം ഡി എഫ് ഒ എന്‍.രാജേഷ് പറഞ്ഞു. ശനിയാഴ്ച രാത്രി വരെ ഗ്രാമ്പി പള്ളിക്ക് സമീപം കണ്ട കടുവയെ ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിലെ അലോഷിയുടെ സംഗീത പരിപാടിയില്‍ പാര്‍ട്ടി കൊടിയും ചിഹ്നവും പ്രദര്‍ശിപ്പിച്ചതിനെ തള്ളി ക്ഷേത്ര ഉപദേശക സമിതി. പാട്ടിനൊപ്പം എല്‍ഇഡി വാളില്‍ കൊടിയും ചിഹ്നം കാണിച്ചത് തെറ്റാണെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ് പറഞ്ഞു.
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന്റെ പക്കല്‍ വന്‍ നിക്ഷേപവും, മദ്യശേഖരവും. കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു.

മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ എടുത്തു കൊണ്ട് പോയ കേസില്‍ ആക്രി കച്ചവടക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സൂപ്രണ്ടിന്റെ പരാതിയിലാണ് യുപി സ്വദേശി ഈശ്വര്‍ ചന്ദിന്റെ (25) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എന്‍ ശക്തന്‍ തുടങ്ങിയ നേതാക്കളെ മത്സരരംഗത്ത് ഇറക്കാനാണ് പാര്‍ട്ടിയില്‍ ആലോചന.

മഹാരാജാസ് കോളേജിലെ കെഎസ് യുവിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റും കെഎസ് യു മലപ്പുറം ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് നിയാസിനെ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് പരാതി.
പുനലൂരില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഡോക്ടര്‍ക്ക് യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ച് ഗുരുതര പരുക്ക്. മുന്‍ ഡിഎംഒയും നിലവില്‍ പുനലൂര്‍ പ്രണവം ആശുപത്രിയിലെ സീനിയര്‍ ഡോക്ടറുമായ പുഷ്പാംഗതനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി പുനലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം.

വ്യാജ എല്‍എസ്ഡി കേസില്‍ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവര്‍ മൊഴി നല്‍കിയത്.
കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍വീണ് കോഴിക്കോട് കോവൂരില്‍ ഇന്നലെ രാത്രി ഒരാളെ കാണാതായി. കോവൂര്‍ സ്വദേശി ശശി (60) ആണ് ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിനടുത്തുള്ള ഓടയുടെ സമീപം നില്‍ക്കുകയായിരുന്ന ശശി കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു.

വൈക്കം വെച്ചൂര്‍ ചേരംകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടവെച്ചൂര്‍ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്.
കോഴിക്കോട് നിന്ന് കൂമ്പാറയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മുക്കത്താണ് ബസ് അപകടത്തില്‍ പെട്ടത്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഗൂഗിള്‍ മാപ്പ് നോക്കി തടയണയിലൂടെ സഞ്ചരിച്ച കാര്‍ രാത്രിയില്‍ പുഴയിലേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ചംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മന്താരത്തൊടി വീട്ടില്‍ ബാലകൃഷ്ണന്‍ (57), സദാനന്ദന്‍, വിശാലാക്ഷി, രുഗ്മിണി, കൃഷ്ണപ്രസാദ് എന്നിവരാണ് രക്ഷപ്പെട്ടത്.
താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് മാര്‍ച്ച് പതിനൊന്നാം തിയതി മുതല്‍ കാണാതായ പെണ്‍കുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തി. 14-ാം തിയ്യതി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലാണെത്തിയത്. പെണ്‍കുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി.

ദേശീയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റിലാണ് മൂന്നേകാല്‍ മണിക്കൂറോളം മോദി സംസാരിച്ചത്.
കര്‍ണാടകയില്‍ യുവ നടി രന്യ റാവു സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കര്‍ണാടക ഡിജിപി കെ. രാമചന്ദ്ര റാവു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു.
75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍.ദില്ലിയില്‍ നിന്ന് ബംഗളുരുവില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്.കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വെളിപ്പെടുത്താതെ ഇടയ്ക്കിടെ യാത്ര ചെയ്യുകയാണെന്ന ആരോപണവുമായി ബിജെപി. വെളിപ്പെടുത്താത്ത ഇത്തരം യാത്രകള്‍ പ്രതിപക്ഷ നേതാവിന് യോജിച്ചതല്ലെന്നും ദേശീയ സുരക്ഷക്ക് ആശങ്കയാണെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ നമ്പര്‍ ഇരട്ടിപ്പ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുന്ന ആഭ്യന്തര നിയമമന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം വന്നേക്കും.
മഹാരാഷാട്രയില്‍ മഹായുതി സര്‍ക്കാരിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്. ഇടഞ്ഞു നില്‍ക്കുന്ന ഏക്‌നാഥ് ഷിന്ദെയെയും എന്‍സിപി അജിത് പവാര്‍ പക്ഷത്തേയും സഖ്യത്തില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയ വിഷയത്തില്‍ ആദ്യപ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ് എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴ് ഇഷ്ടമില്ലാത്തവര്‍ ആണ് രൂപയുടെ ചിഹ്നം ഒഴിവാക്കിയത് പ്രശ്നമാക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
അന്തർദേശീയം
അമേരിക്കയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 36 ആയി. മിസോറിയില്‍ മാത്രം 14 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് വ്യക്തമാകുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ വൈദ്യുതി ബന്ധം ചുഴലിക്കാറ്റ് താറുമാറാക്കിയിട്ടുണ്ട്.

കായികം
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം നേടി ഇന്ത്യന്‍ മാസ്റ്റേഴ്‌സ്. ബ്രയാന്‍ ലാറ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ കിരീടം നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.