തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം. ഉപരോധം നേരിടാൻ സർക്കാർ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ്. രാവിലെ ഒൻപതരയോടെ സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിച്ചു.
ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകുന്നുണ്ട്. 36 ദിവസമായ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരം.
ഉപരോധം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ ആശാ വർക്കർമാർക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നാണ് ആരോപണം. അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടു.
സമരം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എം വേതനം നിഷേധിച്ചു. ഫെബ്രുവരി 10ന് സമരം തുടങ്ങുന്നതിനു മുൻപുളള 9 ദിവസത്തെ വേതനവും ആനുകൂല്യങ്ങളുമാണ് നിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഫെബ്രുവരിയിലെ വേതനം നൽകിയിരുന്നു.