കേരളത്തിൽ സ്വർണവില (gold rate) വീണ്ടും കുറയുന്നു. ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വില നിർണയപ്രകാരം ഗ്രാമിന് 10 രൂപ താഴ്ന്ന് 8,210 രൂപയായി. 80 രൂപ കുറഞ്ഞ് പവന് 65,680 രൂപ. ഇക്കഴിഞ്ഞ 14ന് (മാർച്ച് 14) കുറിച്ച ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് (Kerala gold price). 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 6,775 രൂപയിലെത്തി. അതേസമയം, കടകവിരുദ്ധമായി വെള്ളിവില മുന്നേറുകയാണ്. ഗ്രാമിന് ഒരു രൂപ ഉയർന്ന് വില 111 രൂപ.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരവും സ്വർണത്തിന് ഇന്ന് ഗ്രാമിന് 8,210 രൂപയും പവന് 65,680 രൂപയുമാണ്. എന്നാൽ, 18 കാരറ്റിനും വെള്ളിക്കും വ്യത്യസ്ത വിലയാണുള്ളത്. 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് 6,760 രൂപ ഇവർ വിലയിട്ടപ്പോൾ വെള്ളിക്ക് 110 രൂപയിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുമുണ്ട്.
ചാഞ്ചാട്ടത്തിൽ രാജ്യാന്തരവില
രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്. കഴിഞ്ഞവാരം ചരിത്രത്തിൽ ആദ്യമായി ഔൺസിന് 3,000 ഡോളർ ഭേദിച്ച രാജ്യാന്തരവില, ലാഭമെടുപ്പിനെ തുടർന്ന് 2,982 ഡോളർ വരെ താഴ്ന്നു. ഇതിനു ആനുപാതികമായി കേരളത്തിലും വില കുറയുകയായിരുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട ആഗോള ഇറക്കുമതി തീരുവ യുദ്ധം, യുഎസ് സമ്പദ്‍വ്യവസ്ഥ അഭിമുഖീകരിക്കുന്ന മാന്ദ്യഭീതി, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമോ എന്നത് സംബന്ധിച്ച അനിശ്ചിതത്വം എന്നിവ സ്വർണത്തിന് അനുകൂല സാഹചര്യമാണ് ഒരുക്കുന്നതെന്ന് നിരീക്ഷകർ വാദിക്കുന്നു.
റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇനിയും സമവായമാകാത്തതും സ്വർണത്തിന് നേട്ടമായേക്കും. രാജ്യാന്തരവില വീണ്ടും 3,000 ഡോളറിലേക്ക് കയറാനുള്ള സാധ്യത നിരീക്ഷകർ തള്ളുന്നില്ല. മറിച്ച് ലാഭമെടുപ്പ് തുടരുകയും തീരുവ, അടിസ്ഥാന പലിശനിരക്ക്, വെടിനിർത്തൽ എന്നിവ സംബന്ധിച്ച ആശങ്കകൾ ഒഴിയുകയും ചെയ്താൽ സ്വർണവില താഴേക്കും നീങ്ങും. ഫലത്തിൽ, വരുംനാളുകളിലും സ്വർണവിലയെ ആഗോള, ആഭ്യന്തരതലങ്ങളിൽ കാത്തിരിക്കുന്നത് ചാഞ്ചാട്ടം തന്നെയായിരിക്കും.