തിരുവനന്തപുരം. നെല്ല് സംഭരണത്തിൽ ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിൽ ഒത്തു കളിക്കുകയാണെന്ന്
പ്രതിപക്ഷം.ഇതുവരെ കിഴിവ് ഈടാക്കാത്ത പാടശേഖരങ്ങളിൽ നിന്ന് പോലും ഈർപ്പത്തിൻ്റെ പേരിൽ കിഴിവ് നൽകാൻ ഉദ്യോസ്ഥർ നിർബന്ധിക്കുന്നതായി
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രശ്നം പരിഹരിക്കാൻ പാടില്ലെന്ന നിലപാടിലാണ് ചില കർഷകർ കിഴവ് നൽകാൻ സന്നദ്ധരാകാത്തതെന്നാണ് മന്ത്രി ജി.ആർ. അനിലിൻ്റെ മറുപടി.
കുട്ടനാട് മേഖലയിൽ ഉൾപ്പടെ നെല്ല് സംഭരണത്തിൽ ഉണ്ടാകുന വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം റൂൾ 50 പ്രകാരമുള്ള ഉപക്ഷേപത്തിന് നോട്ടിസ് നൽകിയിരുന്നു. കൊയ്ത നെല്ലിലെ ഈർപ്പത്തിൻ്റെ തോത് കണക്കാക്കി കിഴിവ് നൽകുന്നത് കുട്ടനാട് മേഖലയിലെ ചില പാട ശേഖരങ്ങളിൽ ഉണ്ട്. എന്നാൽ ഇതുവരെ കിഴിവ് ഇല്ലാത്ത കോട്ടയം ജില്ലയിലെ പാടങ്ങളിൽ നിന്നും കിഴിവ് നൽകാൻ ഉദ്യോഗസ്ഥരും മില്ലുടമകളും നിർബന്ധിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു
പരിഹരിച്ച വിഷയമാണ് പ്രതിപക്ഷം പറയുന്നെതെന്നും 4 ദിവസം മുൻപ് ഉന്നയിച്ചിരുന്നെങ്കിൽ പ്രസക്തി ഉണ്ടായിരുന്നു എന്നായിരുന്നു സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലിൻ്റ മറുപടി. 2% കിഴിവ് നൽകാൻ ഭൂരിപക്ഷം കർഷകരും തയാറായിട്ടുണ്ട്. ചിലർ മാത്രമാണ് മാറി നിൽക്കുന്നത്. അവരുടെ താൽപര്യം എന്താണെന്ന് അറിയാമെന്നും മന്ത്രി പറഞ്ഞു.
സംഭരണത്തിലെ വീഴ്ചകളിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി