യുവതി ജീവനൊടുക്കിയത് സൗഹൃദക്കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചതിനെ തുടര്‍ന്നെന്ന് പരാതി

Advertisement

ആലപ്പുഴ: യുവതി ജീവനൊടുക്കിയത് സൗഹൃദക്കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചതിനെ തുടര്‍ന്നെന്ന് പരാതി. ഭര്‍ത്താവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിനിയായ ഭര്‍തൃമതിയാണ് തന്നെ സൗഹൃദ കെണിയില്‍ കുടുക്കി പീഡിപ്പിച്ച യുവാവിന് വീഡിയോ കോള്‍ ചെയ്ത് തൂങ്ങി മരിച്ചത്. വണ്ടാനം സ്വദേശി അന്‍ഫാസ് എന്ന യുവാവിനെതിരെ കുടുംബം പരാതി നല്‍കി.
രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് പൊള്ളേത്തൈ പോസ്റ്റോഫീസില്‍ താത്കാലിക നിയമനത്തില്‍ ജോലി ലഭിച്ചിരുന്നു. കൊറിയര്‍ കൈപ്പറ്റുവാന്‍ എത്തിയിരുന്ന അന്‍ഫാന്‍സുമായി സൗഹൃദത്തിലായി. പിന്നീട് യുവതിക്ക് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗ ബാധിതയായ അമ്മയുടെ സഹോദരിയുടെ സര്‍ജറിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് സഹായിയായി നില്‍ക്കേണ്ടി വന്നു. ഇതിനിടെ ഇയാള്‍ ഭക്ഷണ വിതരണത്തിന് എന്ന പേരില്‍ ആശുപത്രിയില്‍ വരുകയും പിന്നീട് നിരന്തരം യുവതിയെ കാണുകയും സംസാരിക്കുകയും അതിലൂടെ ദൃഢമായ ബന്ധം ഉണ്ടാക്കി എടുക്കുകയും ചെയ്തു. തുടര്‍ന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ യുവതിയുടെയും മക്കളുടെയും ആഭരണങ്ങള്‍ കൈക്കലാക്കി. പലയിടങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കടം വാങ്ങിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 27ന് എല്ലാം മടക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതെല്ലാം വീട്ടില്‍ അറിഞ്ഞതോടെ യുവതി, അന്‍ഫാസിനോടൊപ്പം ഇറങ്ങിപ്പോയി. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. രണ്ട് സ്ത്രീകളോടൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവതി ഭര്‍ത്താവിനൊപ്പം വരാതെ അന്‍ഫാസിനൊപ്പം പോകുകയായിരുന്നു. അര്‍ത്തുങ്കല്‍ പോലീസും ഇതിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ അയാളില്‍ നിന്നും ക്രൂര പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്.
യുവതിയുടെ കൈകള്‍ക്കേറ്റ മുറിവുകളും മറ്റും അന്‍ഫാസ് കാണാതെ ഭര്‍ത്താവിന് വാട്‌സ്ആപ് ചെയ്തു. തന്നെ രക്ഷപെടാന്‍ അനുവദിക്കുന്നില്ലെന്നും യുവതി പരാതിപ്പെട്ടു. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ഭര്‍തൃവീട്ടിലെത്തിയ യുവതിയെ വീണ്ടും ഇയാള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ സഹിക്കവയ്യാതെയാണ് ജീവനൊടുക്കിയതെന്ന് പരാതിയില്‍ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here