കോഴിക്കോട് .താമരശ്ശേരിയിൽനിന്ന് കാണാതായ പെൺകുട്ടിയെ ബംഗ്ളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് പിടികൂടി. ഇരുവരെയും ഉടൻ നാട്ടിലെത്തിക്കും.
പുതുപ്പാടി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ പതിനൊന്നാം തീയതിയാണ് കാണാതായത്. പരീക്ഷ എഴുതാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുവായ യുവാവിനെയും ഇതേ ദിവസം കാണാതായി. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ പതിനാലാം തീയതി തൃശ്ശൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കാൻ ഇരുവരും എത്തി. രേഖകൾ ഇല്ലാത്തതിനാൽ മുറി നൽകാതിരുന്ന ലോഡ്ജ് ജീവനക്കാർ, കാര്യമറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കൈമാറി. തൃശ്ശൂരിൽ നിന്നും മുങ്ങിയ ഇരുവരെയും സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് ഇന്ന് പുലർച്ചെ ഇരുവരെയും ബംഗ്ലൂരുവിൽ കണ്ടെത്തിയതായി കർണാടക പോലീസ് അറിയിച്ചത്. താമരശ്ശേരി പോലീസ് ബംഗ്ലൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ബന്ധുവായ യുവാവ് നേരത്തെയും പെൺകുട്ടിയുമായി യാത്ര നടത്തുകയും സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് 13 കാരിയെയും കൂട്ടി യുവാവ് വീണ്ടും നാടുവിട്ടത്. ഇരുവരെയും അന്വേഷണസംഘം ഉടൻ താമരശ്ശേരിയിൽ എത്തിക്കും.