കണ്ണൂർ: പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിനെ കൊന്നത് പിതാവിൻ്റെ സഹോദരൻ്റെ മകൾ 12 കാരി. തന്നോടുള്ള സ്നേഹം കുറഞ്ഞ് പോകുമെന്നുള്ള ചിന്തയിലാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് 12 കാരി പോലീസിനോട് പറഞ്ഞു. കുട്ടിയെ ജുനൈൽ ജസ്റ്റീസ് ബോഡിന് മുന്നിൽ ഹാജരാക്കും.
തമിഴ്നാട് സ്വദേശികളായ മുത്തു – അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
അഞ്ച് പേർ ഒരുമിച്ച് കിടന്നിരുന്ന മുറിയിൽ നിന്ന് രാത്രി 10 മണിയോടെ കുഞ്ഞിനെ കാണാതായി.രാത്രി ശുചിമുറിയിൽ പോയി തിരിച്ചെത്തിയ പിതൃ സഹോദരന്റെ മകളാണ് കുട്ടിയെ കാണാനില്ലെന്ന് മറ്റുള്ളവരെ അറിയിച്ചത്. അടുത്ത മുറികളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ തിരച്ചിൽ നടത്തി. ഇതിനിടെ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
കിണറിൽ പൊങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമെന്ന് നിഗമനത്തിൽ കുടുംബത്തെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ പിതാവ്, മാതാവ് സഹോദരന്റെ മക്കൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് യഥാർത്ഥ പ്രതിയിലേക്ക് പോലീസെത്തിയത്. കൊല നടത്തിയ 12 കാരിയുടെ മാതാപിതാക്കൾ മരിച്ചതോടെ നിലവിൽ പിതൃസഹോദരനായ മുത്തു – അക്കലു ദമ്പതികൾക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.