കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയില്‍. കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു.
നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.
കൊലയ്ക്ക് ശേഷം കാറുമായി കടന്ന പ്രതി എസ്റ്റേറ്റ് മുക്കിലുള്ള പെട്രോള്‍ പമ്പില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ച ശേഷം പ്രതി പണം നല്‍കാതെ കടന്നുകളഞ്ഞിരുന്നു. പ്രതി കോഴിക്കോട് വിട്ടുപോകില്ല എന്ന നിഗമനത്തിലായിരുന്നു പൊലീസ്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. രാത്രി 12 മണിയോടെ മെഡിക്കൽ കോളജ് കാഷ്യാലിറ്റിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലുള്ള ഷിബിലയുടെ മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ നടത്തി പോസ്റ്റ് മാർട്ടം ഉൾപ്പെടെയുള്ളവ പൂർത്തീകരിക്കും. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഷിബിലയുടെ പിതാവ് അബ്ദുൾ റഹ്മാനെ ഇന്ന് ശസ്ത്രക്രീയയ്ക്കു വിധേയനാക്കും.ഉമ്മയെ വാർഡിലേക്ക് മാറ്റി.