കളമശ്ശേരി പോളീ ടെക്നിക്കിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവം: പ്രധാന കണ്ണിയായ പശ്ചിമ ബംഗാൾ സ്വദേശിയും കൂട്ടാളിയും പിടിയിൽ

Advertisement

കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റൽ മറയാക്കി കഞ്ചാവ് ഇടപാട് നടത്തിയ സംഭവത്തിലെ പ്രധാന കണ്ണിയായ പശ്ചിമ ബംഗാൾ സ്വദേശി അഹിന്ദ മണ്ഡേലും സഹായിയും പോലീസ് പിടികൂടി.മൂവാറ്റുപുഴയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ പിടികൂടപ്പെട്ടവരുടെ എണ്ണം ആറായി.

പോളീ ടെക്നിക്ക് ഹോസ്റ്റൽ ആസ്ഥാനമായി കഞ്ചാവ് ഇടപാട് തുടങ്ങിയത് ആറ് മാസം മുമ്പ്. ചെറിയ അളവിൽ തുടങ്ങിയ കച്ചവടം പിന്നീട് കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് ചെറുപൊതികളാക്കി വിൽക്കുന്ന നിലയിലേക്ക് ഉയർന്നു. വിദ്യാർത്ഥികൾക്കിടയിലും പുറത്തും വിതരണമുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായ മൂന്നാംവർഷ വിദ്യാർത്ഥി അനുരാജ്, പൂർവവിദ്യാർത്ഥികളായ ആഷിക്, ശാലിഖ് എന്നിവരടങ്ങുന്ന സംഘമാണ് ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്.

ഹോസ്റ്റലിൽ ഏഴു തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ പൂർവവിദ്യാർത്ഥികളുടെ മൊഴി. അനുരാജാണ് പണം സമാഹരിച്ചിരുന്നത്. ഹോസ്റ്റലിൽ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കാൻ ആഷിക്കിനും ശാലിഖിനും പണം ഗൂഗിൾപേ വഴിയും അല്ലാതെയും നൽകിയെന്നാണ് അനുരാജിന്റെ മൊഴി. കഞ്ചാവിനായി 16,000 രൂപ ഗൂഗിൾപേ വഴി നൽകി. വ്യാപക പണപ്പിരിവ് നടത്തിയില്ലെന്നും കുറച്ചുപേർക്കു മാത്രമാണ് കഞ്ചാവ് എത്തിച്ചതെന്നുമാണ് അനുരാജിന്റെ മൊഴിയിൽ പറയുന്നത്.

അതേസമയം, അനുരാജ് മുമ്പും പലതവണ കഞ്ചാവും മറ്റ് ലഹരിമരുന്നുകളും ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. നാലു കിലോ കഞ്ചാവാണ് ഹോസ്റ്റലിൽ എത്തിച്ചത്. ഇതിൽ രണ്ടു കിലോയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ശേഷിച്ച കഞ്ചാവ് എവിടെയെന്ന് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Advertisement