കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 കിലോ
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വനിതകൾ പിടിയിലായി. മലപ്പുറത്ത് ലഹരി അടിമയായ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകർത്തു. കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടവും കണ്ടെത്തി.
കേരളത്തിൽ ലഹരി വേട്ട തുടരുന്നു. 5 കോടി വിലമതിക്കുന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് വിമാനത്താവളത്തിൽ പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് എത്തിച്ച രാജസ്ഥാൻ സ്വദേശി മാവിൻ ചൗധരി,ഡൽഹി സ്വദേശി സാന്തി എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പേരാമ്പ്രയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പിടിയിലായി.നൊച്ചാട് സ്വദേശി അനസ് വാളൂരിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. 38 ഓളം കഞ്ചാവ് ചെടികളും വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പത്തരക്കിലോ കഞ്ചാവുമാണ് എക്സൈസ് കണ്ടെത്തിയത്.
ഓച്ചിറ മേമനയിൽ മനീഷ് ഭവനത്തിൽ മനീഷ് മോഹൻ്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് തോട്ടവും കഞ്ചാവും പിടികൂടിയത്.
മലപ്പുറം അരീക്കോട് കിണറടപ്പിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് പോലീസിന്റെ ജീപ്പിൻറെ ചില്ല് ചവിട്ടി തകർത്തു. കിണറടപ്പ് സ്വദേശി നിയാസിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ആക്രമണം.
പറവൂർ മാഞ്ഞാലിയിൽ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കാൻ എത്തിയ ഒഡീഷ സ്വദേശി നീലു ദ്വൈരിയെ
എക്സൈസ് അറസ്റ്റ് ചെയ്തു.