തിരുവനന്തപുരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് വീണ്ടും കോൺഗ്രസ് എംപി ശശി തരൂർ. യുക്രെയിൻ റഷ്യ യുദ്ധത്തിൽ മോദി നടത്തിയ ഇടപെടൽ ശരിയായിരുന്നുവെന്ന് തരൂർ. പരാമർശം ഏറ്റെടുത്ത് ബിജെപി. ആർജ്ജവമുള്ള നിലപാട് എന്ന് കെ സുരേന്ദ്രൻ. പരാമർശം കേട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.നിലപാടിൽ ഉറച്ച് നിന്ന് ശശി തരൂർ.യുക്രെയിൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും ആലിംഗനം ചെയ്യാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ട്. ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യയുടെ സ്വീകാര്യതയാണ് ഇതിലൂടെ അർത്ഥമാക്കുന്നത് എന്നായിരുന്നു ഡൽഹിയിലെ റായ്സിന ഡയലോഗിൽ ശശി തരൂർ കോൺഗ്രസിനെ വെട്ടിലാക്കി നടത്തിയ പരാമർശം. കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയ പരാമർശം ബിജെപി ഏറ്റെടുത്തു. മോദി നൈതന്ത്രത്തെ തരൂർ പുകഴ്ത്തിയത് അഭിനന്ദനീയമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. പരാമർശം ചർച്ചയായതോടെ താൻ പറഞ്ഞതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന പ്രതികരണവുമായി ശശിതരൂർ.
ശശി തരൂരിന്റെ പരാമർശത്തെക്കുറിച്ച് കേട്ടിട്ടില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മറുപടി. അത്തരത്തിൽ പറഞ്ഞെങ്കിൽ പാർട്ടി വിലയിരുത്തി പ്രതികരിക്കും.
മോദിയെ ശശി തരൂരിന്റെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ പരാമർശം കോൺഗ്രസിനെ ഇതിനോടകം പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഭരണപക്ഷം ശശി തരൂരിന്റെ വാക്കുകൾ പ്രതിപക്ഷത്തിനു നേരെ പ്രയോഗിക്കും.