തിരുവനന്തപുരം.തിരഞ്ഞെടുപ്പ് വർഷം കണക്കിലെടുത്ത് മന്ത്രിസഭയുടെ നാലാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചു. ജില്ലാ തലത്തിലുള്ള പരിപാടികളിലും മേഖലാ അവലോകന യോഗങ്ങളിലും പങ്കെടുത്ത് കൊണ്ട് മുഖ്യമന്ത്രി തന്നെ ആഘോഷ പരിപാടികൾക്ക്
നേതൃത്വം നൽകും. നാലാം വാർഷികത്തിൻ്റെ ഭാഗമായി
വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഔപചാരികമായ തുടക്കമായിരിക്കും സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷങ്ങൾ.മൂന്നാം തവണയും തുടർഭരണം എന്ന പ്രചരണം ഇപ്പോൾ തന്നെ തുടങ്ങി വെച്ചിരിക്കുന്ന LDF ഉം CPIM ഉം സർക്കാരിന്റെ വാർഷികത്തെ കൂടി അതിന് ഉപയോഗിക്കും.ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ നാലാം വാർഷിക പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി എത്തും. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം ഇതിൻറെ ഭാഗമായി സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്തും. മെയ് മാസത്തിൽ നാല് മേഖലകളിലായാണ് യോഗം ചേരുക. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷൻമാരും ചേർന്ന് ജില്ലകളിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടർച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്. 2023 ലെ അവലോകന യോഗത്തിൽ പരിഗണിച്ചവയിൽ ഇനിയും പൂർണ്ണമായും പരിഹരിക്കാത്ത വിഷയങ്ങളും മുഖ്യമന്ത്രി എം.എൽ.എ. മാരുമായി നടത്തിയ യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവർത്തനങ്ങൾ, നവകേരള സദസ്സിന്‍റെ ഭാഗമായി നിയോജകമണ്ഡലത്തിൽ നടത്താനുദ്ദേശിക്കുന്ന പദ്ധതി, ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽപ്പെടുന്ന വിഷയങ്ങൾ മേഖലാ അവലോകന യോഗങ്ങളിൽ പരിഗണിക്കും. സർക്കാർ മുൻഗണന നൽകുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജനം, നവകേരള മിഷൻ, മാലിന്യമുക്തം, നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും. യുവജനങ്ങൾ, വനിതകൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ, സാംസ്കാരിക രംഗത്തുള്ളവർ, ഗവേഷണ – പ്രൊഫഷണൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരുമായും വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ചർച്ച നടത്തും.