കളമശേരി (കൊച്ചി): പോളിടെക്നിക് ക്യാംപസിലെ കഞ്ചാവിന്റെ മുഖ്യ വിതരണക്കാർ പിടിയിലായതോടെ കഞ്ചാവ് വാങ്ങുന്നതിനു പണപ്പിരിവു നടത്തിയവരെയും ഈ ‘ബിസിനസിൽ’ വലിയ തുക മുടക്കിയവരെയും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
മറ്റു ക്യാംപസുകളിലേക്ക് എത്തിച്ചിരുന്നോയെന്നും പരിശോധിക്കും. ഇന്നലെ പിടിയിലായ എയ്ഹിന്ദ മണ്ഡൽ കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരനാണെന്നു പൊലീസ് പറഞ്ഞു. ബംഗാൾ, ഒഡീഷ, അസം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവിന്റെ വിതരണത്തിന് ഇയാൾക്കു കീഴിൽ അതിഥിത്തൊഴിലാളികളുടെ ശൃംഖലയുണ്ട്. 1,000 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചു നൽകുന്നതിനു അതിഥിത്തൊഴിലാളികളെ നിയോഗിച്ചിട്ടുള്ളത്. അവരിൽ ഒരാളാണ് ഇയാൾക്കൊപ്പം പിടിയിലായ സൊഹൈൽ. എയ്ഹിന്ദയ്ക്കു കഞ്ചാവ് കൈമാറുന്നത് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ കഞ്ചാവുമായി പിടിയിലായ ദീപു മണ്ഡലാണെന്നു പൊലീസ് പറഞ്ഞു. ഇയാളെയും ഈ കേസിൽ പ്രതിചേർക്കും.
ഒഡീഷയിൽ നിന്നു കിലോഗ്രാമിനു 3,000 രൂപ നൽകി വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ചു വിൽക്കുന്നത് 15,000 മുതൽ 18,000 രൂപ വരെ നിരക്കിലാണ്. പണം മുഴുവൻ ഇയാളുടെ അക്കൗണ്ടിലേക്കാണു നൽകുന്നത്. 18,000 രൂപ നിരക്കിലാണു പോളിടെക്നിക് കോളജിലെ വിദ്യാർഥികൾക്കു കഞ്ചാവു നൽകിയിരുന്നത്. സൊഹൈൽ വഴി അഞ്ച് പ്രാവശ്യം പോളിടെക്നിക് ക്യാംപസിലേക്കു കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായ വിദ്യാർഥികൾ മൊഴി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ എം.ബി.ലത്തീഫ്, എസ്ഐമാരായ സെബാസ്റ്റ്യൻ പി.ചാക്കോ, രഞ്ജിത്ത്, എസ്ഒജി അംഗങ്ങളായ മാഹിൻ അബൂബക്കർ, ഷിബു എന്നിവർ ചേർന്ന് ഒളിസങ്കേതത്തിൽ നിന്ന് ഇവരെ അതിസാഹസികമായാണു പിടികൂടിയത്.