മമ്പാട്: മലപ്പുറം മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണു പുലിയുടെ സാന്നിധ്യമുള്ളത്. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. രാത്രി തന്നെ ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരുന്നു. എന്നാൽ പുലിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഒരാഴ്ച മുമ്പ് ഇതേ മേഖലയിൽ പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരുക്കേറ്റത്. പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ കൂടിന്റെ പരിസരത്തൊന്നും പുലി എത്തിയിരുന്നില്ല.