കേരളത്തിലൂടെ മൂന്നാമതൊരു വന്ദേഭാരത്

Advertisement

പാലക്കാട്: കേരളത്തിലൂടെ മൂന്നാമതൊരു വന്ദേഭാരത് സര്‍വീസിന് അനുമതി ലഭിക്കാന്‍ സാദ്ധ്യത. എന്നാല്‍ ഏറെ നാളായി കേരളം ആവശ്യപ്പെടുന്ന കൊച്ചി – ബംഗളൂരു, തിരുവനന്തപുരം – ബംഗളൂരു റൂട്ടിലല്ല പുതിയ സര്‍വീസ് എന്നതാണ് പ്രത്യേകത. ട്രെയിന്‍ പുറപ്പെടുന്ന സ്‌റ്റേഷനോ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനോ കേരളത്തിലായിരിക്കില്ല എന്നതാണ് മറ്റൊരു കാര്യം. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സര്‍വീസ് എന്ന ആവശ്യം ഉയരുന്നത്.

മംഗളൂരു – കോയമ്പത്തൂര്‍ വന്ദേഭാരത് സര്‍വീസ് എന്നതാണ് കേന്ദ്രത്തിന് മുന്നില്‍ എത്തിയിരിക്കുന്ന ആവശ്യം. പുതിയ സര്‍വീസ് ആവശ്യപ്പെട്ടുള്ള നീക്കത്തിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അനുമതി ലഭിച്ചാല്‍ കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലൂടെ ട്രെയിന്‍ സര്‍വീസ് നടത്തും. മലബാര്‍ മേഖലയിലെ യാത്രക്കാരെ സംബന്ധിച്ച് വലിയ അനുഗ്രഹമായിരിക്കും പുതിയ സര്‍വീസ്.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസുകളും മികച്ച പ്രതികരണം നേടിയിട്ടും കേരളത്തിന് മൂന്നാമതൊരു വന്ദേ ഭാരത് എന്ന ആവശ്യം ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. നേരത്തെ എറണാകുളം – ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും, അത് ദീര്‍ഘിപ്പിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്തിട്ടില്ല. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത്, മംഗളൂരു – തിരുവനന്തപുരം വന്ദേഭാരത് എന്നിവയാണ് നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്നത്.

രണ്ട് ട്രെയിനുകളും ഫുള്‍ ഒക്കുപ്പന്‍സിയിലാണ് സര്‍വീസ് നടത്തുന്നത്. അടുത്തിടെയാണ് തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത് 16 റേക്കില്‍ നിന്ന് 20 റേക്കുകളായി ഉയര്‍ത്തിയത്. മംഗളൂരു – തിരുവനന്തപുരം വന്ദേഭാരതിന് നിലവില്‍ എട്ട് റേക്കുകളാണുള്ളത്. ഇത് 16 ആക്കി ഉയര്‍ത്തുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്.

Advertisement