പാലക്കാട്: സിപിഐ സംസ്ഥാന കമ്മിറ്റി തനിക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സിപിഐ നേതാവ് കെഇ ഇസ്‌മയിൽ. തത്ക്കാലം അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഇസ്‌മയില്‍ വ്യക്തമാക്കി. അച്ചടക്ക നടപടി ഉണ്ടായാലും കമ്യൂണിസ്റ്റ് ആയി തുടരുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.’70 കൊല്ലമായി പാർട്ടി അംഗമാണ്. മരിക്കുന്നത് വരെ കമ്യൂണിസ്റ്റായി തുടരും. തനിക്കെതിരെ പാർട്ടി നടപടിയെടുക്കാൻ തീരുമാനിച്ച കാര്യം ചാനൽ വാർത്തകളിൽ കണ്ടു. അതേ അറിയുകയുള്ളൂ. ആ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ ഇല്ലായെന്നും ഇസ്‌മയിൽ പറഞ്ഞു.
ദീർഘ കാലം സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന ഇസ്‌മയിൽ വടക്കഞ്ചേരിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. മുന്‍ എംഎല്‍എയും എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജുവിന്‍റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്‌മയില്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംസ്ഥാന എക്‌സിക്യൂട്ടീവാണ് തീരുമാനമെടുത്തത്.പി രാജുവിന്‍റെ മരണത്തിന് പിന്നാലെ, പാര്‍ട്ടി രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന രീതിയിൽ കെ ഇ ഇസ്‌മയില്‍ പ്രതികരിച്ചിരുന്നു. ആദ്യം ഫേസ്‌ബുക്കില്‍ ഇക്കാര്യം കുറിച്ച ഇസ്‌മയില്‍ പിന്നീട് മാധ്യമങ്ങളോടും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് ഇസ്‌മയിലില്‍ നിന്ന് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു.