‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്ന് അഫാൻ; ‘ക്ഷമിച്ചു മക്കളേ’ എന്ന് പറഞ്ഞപ്പോൾ ഷാൾ മുറുക്കി

Advertisement

വെഞ്ഞാറമൂട്: തന്നെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന മൊഴി ആവർത്തിച്ച് കൂട്ടക്കൊലക്കേസ് പ്രതിയുടെ മാതാവ് ഷെമി. കഴിഞ്ഞ ദിവസം വൈകിട്ട് മൊഴിയെടുത്ത പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷിനെയാണ് ഷെമി ഇക്കാര്യം അറിയിച്ചത്. കട്ടിലിൽനിന്നു വീണാണു പരുക്കേറ്റതെന്നു തുടക്കത്തിൽ പറഞ്ഞ ഷെമി, പിന്നീടാണു മകനെതിരെ മൊഴി നൽകിയത്.

ആ മൊഴിയിൽതന്നെ അവർ ഉറച്ചുനിൽക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയെ പാർപ്പിച്ചിരിക്കുന്നത്. ഇവിടം പൊലീസിന്റെ നിരീക്ഷണത്തിലാണ്. സന്ദർശകർക്കു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

സംഭവദിവസം രാവിലെ തന്റെ പിന്നിലൂടെ വന്ന അഫാൻ തന്റെ ഷാളിൽ പിടിച്ചിട്ട് ‘ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം’ എന്നു പറഞ്ഞുവെന്നു ഷെമി മൊഴി നൽകി. ‘ക്ഷമിച്ചു മക്കളേ’ എന്നു മറുപടി പറഞ്ഞപ്പോൾ കഴുത്തിൽ ഷാൾ മുറുകുന്നതു പോലെ തോന്നി. തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി.

വൈദ്യപരിശോധനയ്ക്കായി ഷെമിയെ ഇന്നലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെത്തന്നെ ആശുപത്രി വിട്ടെങ്കിലും അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. അഫാൻ വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയിൽ, ഉള്ളിൽച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതിൽ മാത്രം ആയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എലിവിഷം ശീതള പാനീയത്തിൽ ചേർത്താണ് കഴിച്ചതെന്നും പിന്നീടാണ് മദ്യപിച്ചതെന്നും അഫാൻ പൊലീസിനു മൊഴി നൽകിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here