കണ്ണൂർ. കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ കൊല്ലാനായി പ്രതി സന്തോഷ് ഉപയോഗിച്ച തോക്ക് കണ്ടെത്തി. രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. വീടിന് സമീപത്തെ വിറകുപുരയിൽ നിന്നായിരുന്നു തോക്ക് ലഭിച്ചത്. കേസിലെ നിർണായക തെളിവാണ് കണ്ടെത്തിയ തോക്ക്. കൈതപ്രത്ത് മധ്യവയസ്കനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. പ്രതി സന്തോഷ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് കണ്ടെത്തൽ. നെഞ്ചിലേറ്റ വെടി മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
വ്യക്തി വിരോധവും പകയും മൂലം സന്തോഷ് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൃത്യത്തിന് മുമ്പ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കൊലപാതകം കരുതിക്കൂട്ടി ഉറപ്പിച്ചതാണെന്ന് തെളിയിക്കുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സൗഹൃദത്തിലായിരുന്നു. അടുത്ത കാലത്ത് ഇരുവരും കൂടുതൽ അടുത്തു. ബന്ധത്തെ രാധാകൃഷ്ണൻ എതിർത്തതോടെ സന്തോഷിന്റെ മനസ്സിൽ വൈരാഗ്യം രൂപപ്പെട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
നെഞ്ചിൽ ആദ്യ വെടിയേറ്റയുടൻ രാധാകൃഷ്ണൻ മരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൃത്യത്തിന് ഉപയോഗിച്ചത് ബാരൽ ഗൺ ആണെന്നാണ് നിഗമനം. എന്നാൽ കൊലപാതകത്തിന് ശേഷം പ്രതി ഉപേക്ഷിച്ച തോക്ക് കണ്ടെത്താൻ വൈകിയത് ആശങ്കയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൈതപ്രം തൃകുറ്റ്യേരി ശ്മശാനത്തിൽ സംസ്കരിച്ചു