മലപ്പുറം. സ്കൂളിൽ ചേരി തിരിഞ്ഞ് നടന്ന സംഘർഷത്തിൽ മൂന്നു വിദ്യാർഥികൾക്ക് കുത്തേറ്റു. താഴെക്കോട് പിടി എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ പത്താം ക്ലാസ്, മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്.
ഒമ്പതാം ക്ലാസ് മുതൽ സ്കൂളിലെ ഒരു കൂട്ടം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും മലയാളം മീഡിയം വിദ്യാർഥികളും തമ്മിൽ നിലനിൽക്കുന്ന വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇടയ്ക്കിടെ സ്കൂളിൽ വെച്ച് സംഘങ്ങളായി ഇവർ ചേരിതിരിഞ്ഞ് അടി കൂടിയിരുന്നു. പരീക്ഷയ്ക്ക് മുൻപും സംഘർഷം ഉണ്ടായി. അന്ന് പരിക്കേറ്റ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഒരു വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വിദ്യാർത്ഥി സ്വമേധയാ ടി സി വാങ്ങി പോയെങ്കിലും മറ്റെവിടെയും സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് തിരികെ സ്കൂളിലേക്ക് തന്നെ എത്തി. എസ്എസ്എൽസി പരീക്ഷ എഴുതാൻ മാത്രമാണ് പിന്നീട് അനുവദിച്ചത്. ഇന്നത്തെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ഉടനെ സംഘടിക്കുകയും ഈ വിദ്യാർത്ഥി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
പെരിന്തൽമണ്ണ പോലീസ് രണ്ടു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ആക്രമിച്ച ഒരാളെ കൂടി പിടികൂടാൻ ഉണ്ട്. വിദ്യാഭ്യാസ വകുപ്പ് സ്കൂളിലെ പ്രധാന അധ്യാപകനോട് റിപ്പോർട്ട് തേടി . വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതാണെങ്കിലും ഗുരുതരമല്ല.