വാഷിങ്ടൻ: വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലെ വിദ്യാഭ്യാസ നിലവാരം പിന്നോട്ടുപോകാൻ കാരണം വകുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളുടെ നടത്തിപ്പ് ഇനി സ്റ്റേറ്റുകളുടെ ചുമതലയായിരിക്കും. എന്നാൽ ഉത്തരവ് പ്രാബല്യത്തിലാകണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം കൂടിയേ തീരൂ. ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, നാമമാത്രമായ ചില ചുമതലകൾ തുടർന്നും വഹിക്കുന്ന രീതിയിൽ വകുപ്പ് ഭാഗികമായി നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നത് ട്രംപിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ചിരുന്നു.