കുട്ടനാട്: മാമ്പുഴക്കരിയിൽ ഗൃഹനാഥയെ കെട്ടിയിട്ടു മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി പൊലീസിൽ കീഴടങ്ങി. നെയ്യാറ്റിൻകര ആറാലുംമൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപയാണ് (കല–41) 21നു കീഴടങ്ങിയത്. നാലു പ്രതികളുള്ള കേസിൽ ഇതോടെ മൂന്നു പേർ പൊലീസ് പിടിയിലായി. അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട ദീപയെ മോഷണം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
കേസിൽ പ്രതിയായ ദീപയും മകൾ അഖിലയും മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഹൈക്കോടതി നിരസിച്ചിരുന്നു. തുടർന്നാണ് ദീപ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങിയത്. 7 വയസ്സുകാരിയായ സഹോദരിയുടെ സംരക്ഷണം ഏറ്റെടുത്തതിനാലാണ് അഖില കീഴടങ്ങാൻ മടിക്കുന്നതെന്നാണു സൂചന. കേസിൽ ദീപയുടെ മകൻ അഖിലിനെയും ദീപയുടെ സുഹൃത്ത് രാജേഷ് മണികണ്ഠനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 19ന് ആണു രാമങ്കരി മാമ്പുഴക്കരി വേലിക്കെട്ടിൽചിറ വീട്ടിൽ കൃഷ്ണമ്മയെ (62) കെട്ടിയിട്ടു മോഷണം നടത്തിയത്. കെട്ടിയിട്ടു മർദിച്ച് 3.5 പവൻ സ്വർണവും 36,000 രൂപയും എടിഎം കാർഡും ഓട്ടുപാത്രങ്ങളുമടക്കം മോഷ്ടിച്ചെന്നാണു കേസ്. കൃഷ്ണമ്മയുടെ സഹായിയായി നിന്നാണു ദീപ മോഷണം ആസൂത്രണം ചെയ്തത്. മോഷണം പോയ സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഓട്ടുപാത്രങ്ങളും മറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.