2025 മാർച്ച് 24 തിങ്കൾ
BREAKING NEWS
കേരളത്തിൻ്റെ എയിംസ് ആവശ്യം: ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കേരളത്തിൻ്റെ പ്രത്യക പ്രതിനിധി കെ വി തോമസ് ഇന്ന് ചർച്ച നടത്തും.
സംസ്ഥാനത്ത് ഈ ആഴ്ച പരക്കെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ റിപ്പോർട്ട്
ആശാ സമരം: ഇന്ന് രാവിലെ 10ന് നടക്കുന്ന കൂട്ട ഉപവാസം ഡോ. പി. ഗീത ഉദ്ഘാടനം ചെയ്യും

കേരളീയം
മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യം. പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

നഴ്സിംഗ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികള്‍ ആണ് ഇയാള്‍ക്കെതിരെ പാര്‍ട്ടിക്ക് ലഭിച്ചത്.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2703 പേരെ പരിശോധിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്.
കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുന്‍ ഭര്‍ത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നെന്ന പരാതി വ്യാജം. ബന്ധു നല്‍കിയ പണം ചെലവായതിനെ തുടര്‍ന്ന് പരാതിക്കാരനുണ്ടാക്കിയതാണ് കവര്‍ച്ച നാടകമെന്ന് തെളിഞ്ഞു. ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.
താമരശ്ശേരിയിലെ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചയില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അടുത്ത ദിവസം അപേക്ഷ നല്‍കും.

തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തില്‍ വടക്കന്‍ പറവൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകള്‍ വാങ്ങിക്കൂട്ടിയതിലാണ് നടപടി. പറവൂര്‍ സ്വദേശിയായ നിക്സന്‍ ദേവസ്യ, സനൂപ് വിജയന്‍ എന്നിവരാണ് പിടിയിലായത്.
കാലടി മലയാറ്റൂരിനു സമീപം പെരിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂര്‍ മധുരിമ കവലക്ക് സമീപം താമസിക്കുന്ന നെടുവേലി ഗംഗ (48), മകന്‍ ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

കണ്ണൂര്‍ മൊറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശി ഇസ്മയിലാണ് മരിച്ചത്. പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശി സുജോയിയെ പൊലീസ് പിടികൂടി.
ദേശീയം
ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ യുവാവിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് വഡോദരയിലെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. വഡോദര സ്വദേശിയായ അമിത് ഗുപ്തയെയാണ് ജനുവരി 1 മുതല്‍ സ്റ്റേറ്റ് സെക്യൂരിറ്റി കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
കര്‍ണാടക ചിത്രദുര്‍ഗയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അര്‍ഹയെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ടിനെയും ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമര്‍ശങ്ങള്‍.
കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തിലുണ്ടെന്ന് റിപ്പോര്‍ട്ട്. മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ചോക്സിയെ വിട്ടുകിട്ടാന്‍ ഇന്ത്യ നടപടി തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നാഗ്പൂരില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. മാര്‍ച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ വെല്‍ഡര്‍ ഇര്‍ഫാന്‍ അന്‍സാരിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇറ്റാര്‍സിയിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്.
ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന ഹരിഹരന്‍ ഡല്‍ഹി സര്‍വകലാശാല ലോ സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.
ഡല്‍ഹിയിലെ പഹാഡ്ഘഞ്ചില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്‌സ് റാക്കറ്റിലെ ഏഴ് പേര്‍ പിടിയില്‍. മൂന്ന് കുട്ടികളടക്കം 23 സ്ത്രീകളെയാണ് പോലീസ് രക്ഷിച്ചത്. അതില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും 10 പേര്‍ നേപ്പാള്‍ സ്വദേശികളുമാണ്.

അന്തർദേശീയം
ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. അതേസമയം ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കായികം
ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 44 റണ്‍സിന്റെ വിജയം. ബാറ്റര്‍മാര്‍ അടിച്ചു തകര്‍ത്ത മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 47 പന്തില്‍ 106 റണ്‍സെടുത്ത ഇഷാന്‍ കിഷന്റേയും 31 പന്തില്‍ 67 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു.

ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ സാധിച്ചുള്ളു.