ഇടുക്കി. തൊടുപുഴയിലെ ബിജു ജോസഫിനെ കൊലപ്പെടുത്താൻ പ്രതികൾ മുൻപും മൂന്നുതവണ കൊട്ടേഷൻ നൽകിയിരുന്നതായി അയൽവാസി പ്രശോഭ്. കൊച്ചിയിലെ ഗുണ്ടാത്തലവന് നൽകിയ കൊട്ടേഷൻ പാളിയതോടെയാണ് കാപ്പാ കേസ് പ്രതിയെ സമീപിച്ചതെന്നും പ്രശോഭ്. നിലവിൽ റിമാൻഡിൽ ഉള്ള പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. കൊല്ലപ്പെട്ട ബിജുവിന്റെ സംസ്കാരം ഉച്ചയ്ക്ക് നടക്കും.
കച്ചവട പങ്കാളിയായ ബിജു ജോസഫിനെ കൊലപ്പെടുത്താൻ ആഴ്ചകൾക്ക് മുമ്പ് തന്നെ ജോമോൻ കൊട്ടേഷൻ സംഘത്തിന്റെ സഹായം തേടി. കൊച്ചിയിലെ പ്രമുഖ ഗുണ്ടാത്തലവനാണ് ആദ്യം കൊട്ടേഷൻ നൽകിയത്. എന്നാൽ ഇയാൾ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തെ അപായപ്പെടുത്താൻ പദ്ധതി ഇട്ടതാണ് ജോമോനെ ആദ്യം പിന്തിരിപ്പിച്ചത് എന്ന് പ്രദേശവാസി പ്രശോഭ്.
മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ജോമോനും സംഘവും ഉപയോഗിച്ച വാനും, ബിജുവിൻ്റെ ഇരുചക്ര വാഹനവും കണ്ടെത്തേണ്ടതുണ്ട്. നാലുദിവസത്തേക്കാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. എറണാകുളത്ത് കാപ്പ ചുമത്തി റിമാൻഡിലുളള രണ്ടാം പ്രതി ആഷികിന് വേണ്ടി പ്രൊഡക്ഷൻ വാറന്റും ഹാജരാക്കിയിട്ടുണ്ട്.