പശ്ചിമ ബംഗാൾ സിപിഎം സംസ്ഥാന ഘടകത്തിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ പ്രൊഫൈൽ ഫോട്ടോകളിൽ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി. ചുവപ്പിന് പകരം നീലയാണ് പ്രൊഫൈൽ ഫോട്ടോകളുടെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്ന നിറം. എന്നാൽ ഈ നിറംമാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പാർട്ടിയുടെ ബംഗാൾ നേതൃത്വം വിശദീകരിക്കുന്നത്. പാർട്ടിയുടെ നിറം ചുവപ്പ് അല്ലെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു.
ഫ്രഞ്ച് വിപ്ലവം കാലഘട്ടം മുതൽ ലോകവ്യാപകമായി കമ്മ്യൂണിസം, സോഷ്യലിസം, വിപ്ലവം തുടങ്ങിയവയുടെ നിറമായി അറിയപ്പെടുന്നത് ചുവപ്പാണ്. വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി രക്തസാക്ഷിയാകാൻ തയ്യാറാണ് എന്ന നിലപാട് സൂചിപ്പിക്കുന്നത് ആണ് ചുവപ്പ് നിറം. ഇന്ത്യയിലും ഇടത് പക്ഷ, കമ്യൂണിസ്റ്റ് പാർട്ടികളുടെ കൊടികളിൽ എല്ലാം ഒഴിവാക്കാനാകാത്ത നിറമാണ് ചുവപ്പ്. എന്നാൽ സമീപ കാലത്ത് ചുവപ്പിന് പഴയതുപോലെ ആളുകളെ ആകർഷിക്കാൻ കഴിയുന്നില്ല. പുതിയ തലമുറയെ സമൂഹ മാധ്യമങ്ങളിൽ ആകർഷിക്കാൻ ചുവപ്പിനെക്കാളും നല്ല നിറം നീലയാണെന്നാണ് ബംഗാളിലെ സിപിഎം വിലയിരുത്തുന്നത്. അതിനാലാണ് പശ്ചിമ ബംഗാൾ സിപിഎം സംസ്ഥാന ഘടകത്തിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ പ്രൊഫൈൽ ഫോട്ടോകളിൽ നിന്ന് ചുവപ്പ് ഔട്ട് ആയത്.