ഇടുക്കി. തൊടുപുഴയിൽ കൊട്ടേഷൻ നൽകി കച്ചവട പങ്കാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മുഖ്യപ്രതി ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ എന്നിവരെ നാലുദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനിടെ ബിജു ജോസഫിനെ കൊലപ്പെടുത്താൻ പ്രതികൾ മുൻപും മൂന്നുതവണ ക്വട്ടേഷൻ നൽകിയെന്ന് അയൽവാസിയായ പ്രശോഭ് വെളിപ്പെടുത്തി.
തൊടുപുഴ കൊലപാതകത്തിലെ നിർണായ തെളിവായ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഒമിനി വാനും, കൊല്ലപ്പെട്ട ബിജു സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്തുന്നതിനും വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് തൊടുപുഴ പോലീസ് പ്രതികളെ നാലുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനിടെ ബിജുവിനെ കൊലപ്പെടുത്താൻ ജോമോൻ എറണാകുളത്തെ ഗുണ്ടാ നേതാവിന് മുൻപും കൊട്ടേഷൻ നൽകിയിരുന്നതായി അയൽവാസിയുടെ വെളിപ്പെടുത്തൽ വന്നു. എന്നാൽ ഇയാൾ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തെ അപായപ്പെടുത്താൻ പദ്ധതിയിട്ടു. ഇതാണ് ജോമോനെ ആദ്യം പിന്തിരിപ്പിച്ചത് എന്നും പ്രദേശവാസി പ്രശോഭ്.
എറണാകുളത്ത് കാപ്പ ചുമത്തി റിമാൻഡിലുളള കേസിലെ രണ്ടാം പ്രതി ആഷികിന് വേണ്ടി പ്രൊഡക്ഷൻ വാറന്റും പൊലീസ് ഹാജരാക്കിയിട്ടുണ്ട്. നാലു പ്രതികളെയും വീണ്ടും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.